---
title: "വാക്കുതർക്കത്തിനിടെ അച്ഛനെ ഭക്ഷണം വിളമ്പുന്ന തവികൊണ്ട് മകൻ അടിച്ച് കൊന്നു"
english_title: "Father Killed by Son in Malappuram Tirur: Beaten with Cooking Spoon During Argument"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377767/tirur-malappuram-father-killed-by-son-cooking-spoon"
published_at: "2026-08-10T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79963a2dd7d_tirur-malappuram-father-killed-by-son-cooking-spoon.jpg"
keywords: []
---

# വാക്കുതർക്കത്തിനിടെ അച്ഛനെ ഭക്ഷണം വിളമ്പുന്ന തവികൊണ്ട് മകൻ അടിച്ച് കൊന്നു

> **Lead Summary:** തിരൂർ: മലപ്പുറം തിരൂരിൽ വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ മകൻ അടിച്ചുകൊന്നു. തെക്കനന്നാര കുഴിപ്പിൽ സ്വദേശി വേലായുധൻ ആണ് മരിച്ചത്.

## Article Content

തിരൂർ: മലപ്പുറം തിരൂരിൽ വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ മകൻ അടിച്ചുകൊന്നു. തെക്കനന്നാര കുഴിപ്പിൽ സ്വദേശി വേലായുധൻ ആണ് മരിച്ചത്.

സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ തിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.ഭക്ഷണത്തിന്റെ കാര്യത്തിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ ഉണ്ണികൃഷ്ണൻ അടുക്കളയിൽ കിടന്നിരുന്ന ഭക്ഷണം വിളമ്പുന്ന തവികൊണ്ട് വേലായുധന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ വേലായുധന്റെ ജീവൻ രക്ഷിക്കാനായില്ല.ടാർപോളിൻ കൊണ്ട് മറച്ച ഷെഡിലായിരുന്നു വേലായുധനും മകൻ ഉണ്ണികൃഷ്ണനും താമസിച്ചിരുന്നത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരൂർ പൊലീസ് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വേലായുധന്റെ ഭാര്യ രാധയാണ്. ജിതേഷ്, ജീന എന്നിവർ മറ്റ് മക്കളാണ്. കുടുംബവഴക്കുകൾക്ക് ഒടുവിൽ രക്തത്തിൽ കലാശിച്ച സംഭവം നാട്ടിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377767/tirur-malappuram-father-killed-by-son-cooking-spoon)