---
title: "മോഷണം പോയ പോത്തിനെ കിട്ടിയില്ല ; അന്വേഷിക്കുന്നതിനിടെ ഉടമയില്ലാത്ത മറ്റൊരു പോത്തിനെ കണ്ടെത്തി"
english_title: "Buffalo Stolen in Karimpadam Paravur: Police Find Another Stray Buffalo During Investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377761/paravur-karimpadam-buffalo-theft-police-investigation"
published_at: "2026-08-10T14:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7991f692d1a_paravur-karimpadam-buffalo-theft-police-investigation.jpg"
keywords: []
---

# മോഷണം പോയ പോത്തിനെ കിട്ടിയില്ല ; അന്വേഷിക്കുന്നതിനിടെ ഉടമയില്ലാത്ത മറ്റൊരു പോത്തിനെ കണ്ടെത്തി

> **Lead Summary:** പറവൂർ: കരിമ്പാടത്ത് ഒഴിഞ്ഞ പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ച കേസ് അന്വേഷിക്കുന്നതിനിടെ ഉടമയില്ലാത്ത മറ്റൊരു പോത്തിനെ പൊലീസ് കണ്ടെത്തി.

## Article Content

പറവൂർ: കരിമ്പാടത്ത് ഒഴിഞ്ഞ പറമ്പിൽ കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ച കേസ് അന്വേഷിക്കുന്നതിനിടെ ഉടമയില്ലാത്ത മറ്റൊരു പോത്തിനെ പൊലീസ് കണ്ടെത്തി.

ചേന്ദമംഗലം കരിമ്പാടം കരിപ്പായി ഹരേയുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പോത്തിനെ മോഷണം പോയത്. ഹെൽമെറ്റും മഴക്കോട്ടും ധരിച്ചെത്തിയ അജ്ഞാതൻ പോത്തിനെ അഴിച്ചുകൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

സംഭവം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്തയായതോടെയാണ് മറ്റൊരു പോത്തിനെ കണ്ടെത്തുന്നതിലേക്ക് നീങ്ങിയത്. ചേന്ദമംഗലം പാലാതുരുത്തിലെ ഒരു വീട്ടിൽ ഉടമസ്ഥനില്ലാത്ത പോത്തിനെ കാണപ്പെട്ടു എന്ന വിവരം നാട്ടുകാർ അറിയിക്കുകയായിരുന്നു.

വിവരത്തെ തുടർന്ന് വടക്കേക്കര പൊലീസും പോത്തിന്റെ ഉടമ ഹരെയും സ്ഥലത്തെത്തി. വീട്ടുടമ പൊലീസിനോട് പറഞ്ഞത് ഈ പോത്ത് തങ്ങളുടെ വളർത്തുപോത്തിനോടൊപ്പം അഴിഞ്ഞെത്തി കൂടിയതാണെന്നാണ്. ഹരെ പോത്തിനെ കണ്ട് പരിശോധിച്ചെങ്കിലും തനിക്ക് നഷ്ടപ്പെട്ടത് ഇതല്ലെന്ന് സ്ഥിരീകരിച്ച് മടങ്ങി.

ഇതോടെ മോഷണം പോയ പോത്തിനായുള്ള അന്വേഷണം തുടരുന്നതിനൊപ്പം പാലാതുരുത്തിൽ കണ്ടെത്തിയ പോത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമവും വടക്കേക്കര പൊലീസ് ആരംഭിച്ചു. ഒരു മാസത്തിനുള്ളിൽ ആരെങ്കിലും പോത്തിനെ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് സമീപകാലത്ത് കന്നുകാലി മോഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377761/paravur-karimpadam-buffalo-theft-police-investigation)