---
title: "കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണം ; നഴ്‌സിന് പരിക്ക്"
english_title: "Stray Dog Attack at Koothattukulam Govt Hospital: Nurse Injured, Patients Fear"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377744/koothattukulam-govt-hospital-stray-dog-attack"
published_at: "2026-08-10T13:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73109a12a47_two-year-old-boy-attacked-stray-dog-kollam-clappana.jpg"
keywords: ["Koothattukulam", "Stray Dog Attack", "Ernakulam News", "Nurse Attacked", "Rabies Vaccination"]
---

# കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണം ; നഴ്‌സിന് പരിക്ക്

> **Lead Summary:** **കൂത്താട്ടുകുളം: **കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണത്തിൽ നഴ്‌സിന് പരിക്കേറ്റു.

## Article Content

**കൂത്താട്ടുകുളം: **കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ തെരുവുനായയുടെ ആക്രമണത്തിൽ നഴ്‌സിന് പരിക്കേറ്റു.

ഞായറാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് ഇറങ്ങുകയായിരുന്ന നഴ്‌സിനെയാണ് നായ ആക്രമിച്ചത്.അപ്രതീക്ഷിതമായി ഓടിയെത്തിയ നായ കടിക്കാൻ ശ്രമിച്ചെങ്കിലും കയ്യിലുണ്ടായിരുന്ന ഹാൻഡ് ബാഗ് കൊണ്ട് പ്രതിരോധിച്ചതിനാൽ കാര്യമായ പരിക്കുകൾ ഒഴിവായി.

എന്നാൽ പ്രാഥമിക ചികിത്സയ്ക്കായി അവർ പണ്ടപ്പിള്ളി ഗവ. ആശുപത്രിയിൽ പോകേണ്ടിവന്നു. കൂത്താട്ടുകുളം ആശുപത്രിയിൽ റാബീസ് വാക്സിനേഷൻ സൗകര്യം ഇല്ലാത്തതാണ് ഇതിന് കാരണം.ആശുപത്രി പരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം മാസങ്ങളായി രൂക്ഷമാണ്. ഐസലേഷൻ വാർഡിന്റെ വരാന്ത, എക്സ്-റേ യൂണിറ്റിന് മുന്നിൽ, ഒ.പി പ്രവർത്തിക്കുന്ന കെട്ടിടം, ആശുപത്രി മുറ്റം എന്നിവിടങ്ങളിലെല്ലാം സദാസമയം നായ്ക്കളുടെ സാന്നിധ്യമുണ്ട്.

പാർക്ക് ചെയ്ത വാഹനങ്ങളുടെ അടിയിൽ പോലും നായ്ക്കൾ കൂട്ടമായി കിടക്കുന്നത് പതിവ് കാഴ്ചയാണ്.രോഗികളും കൂട്ടിരിപ്പുകാരും അടക്കമുള്ളവർ ആശുപത്രിയിൽ എത്തുമ്പോൾ നായ്ക്കൾ പെട്ടെന്ന് ചാടിയടുക്കുന്നതായി പരാതിയുണ്ട്. കുട്ടികളും സ്ത്രീകളും ഭയന്ന് ഓടുന്ന അവസ്ഥയാണ്. പ്രത്യേകിച്ച് രാത്രിയിലും പുലർച്ചയിലും നായ്ക്കളുടെ ശല്യം കൂടുതലാണെന്ന് ആശുപത്രി ജീവനക്കാരും പറയുന്നു.

ഈ വിഷയത്തിൽ നിരവധി പരാതികൾ നഗരസഭയ്ക്ക് നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജീവനക്കാരും നാട്ടുകാരും ആരോപിക്കുന്നു. ചികിത്സ തേടി എത്തുന്നവർക്ക് പോലും സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയാണ്. ഉടൻ തന്നെ ആശുപത്രി പരിസരത്ത് നിന്ന് തെരുവുനായ്ക്കളെ മാറ്റി നിർത്താനും വാക്സിനേഷൻ സൗകര്യം ഒരുക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377744/koothattukulam-govt-hospital-stray-dog-attack)