---
title: "പാമ്പാക്കുടയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം ; കൃഷികൾ നശിക്കുന്നു, ജനങ്ങൾ ആശങ്കയിൽ"
english_title: "African Snail Menace in Pampakkuda: Crops Destroyed, Health Risk in Ernakulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377726/pampakkuda-african-snail-menace-crops-destroyed"
published_at: "2026-08-10T12:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a797430ba5b6_pampakkuda-african-snail-menace-crops-destroyed.jpg"
keywords: ["Pampakkuda", "Piravom", "African Snail", "Kerala Agriculture", "Crop Damage", "Ernakulam News", "Haritha Karma Sena", "Rubber Farming"]
---

# പാമ്പാക്കുടയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം ; കൃഷികൾ നശിക്കുന്നു, ജനങ്ങൾ ആശങ്കയിൽ

> **Lead Summary:** **പിറവം: ** ശക്തമായ മഴയ്ക്ക് പിന്നാലെ പാമ്പാക്കുട മേഖലയിലെ കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. പച്ചക്കറികൾ മുതൽ റബർ വരെ വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു.

## Article Content

**പിറവം: ** ശക്തമായ മഴയ്ക്ക് പിന്നാലെ പാമ്പാക്കുട മേഖലയിലെ കൃഷിയിടങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായി. പച്ചക്കറികൾ മുതൽ റബർ വരെ വ്യാപകമായി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു.

പാമ്പാക്കുട പഞ്ചായത്തിലെ നെയ്തുശാലപ്പടി, ചിറക്കടവ് പ്രദേശങ്ങളിലും രാമമംഗലം പഞ്ചായത്തിനോട് ചേർന്നുള്ള സ്ഥലങ്ങളിലുമാണ് ഒച്ചുകളുടെ വ്യാപനം കൂടുതൽ. മുമ്പ് തരിശുപാടങ്ങളിൽ മാത്രം കണ്ടിരുന്ന ഇവ ഇപ്പോൾ വീടുകളിലേക്കും അടുക്കളത്തോട്ടങ്ങളിലേക്കും കടന്നുകയറി തുടങ്ങി.

വാഴ, പപ്പായ, വിവിധ പച്ചക്കറികൾ എന്നിവയുടെ ഇലകൾ ഇവ പൂർണമായി തിന്നുതീർക്കുന്നുണ്ട്. റബർ കൃഷിയിലും വലിയ നാശമാണ് സംഭവിക്കുന്നത്. റബർ മരത്തിലെ ചിരട്ടകളിലെ കറ വരെ ഒച്ചുകൾ തീർത്തുകളയുന്നു. ഷേഡ് പിടിപ്പിച്ച തോട്ടങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിങ് നടക്കുമ്പോൾ ചിരട്ട കാലിയായ നിലയിൽ കാണുന്നതും പതിവായിരിക്കുകയാണ്.രാത്രിസമയത്താണ് ഒച്ചുകൾ കൂടുതലായി പുറത്തിറങ്ങുന്നത്.

ചെടികൾക്ക് പുറമെ വീടുകളുടെ ഭിത്തികളിലും ഈർപ്പമുള്ള സ്ഥലങ്ങളിലും കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം. ആരോഗ്യ വിദഗ്ധർ പറയുന്നത് അനുസരിച്ച് ഒച്ചുകളുടെ സ്രവം ശരീരത്തിൽ പറ്റിയാൽ ചർമരോഗങ്ങൾ, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.പാമ്പാക്കുട ചിറക്കടവിൽ കഴിഞ്ഞ ദിവസം ഹരിതകർമ സേനാംഗങ്ങളായ രജിനി പ്രസാദ്, പ്രിയ രതീഷ്, സിബി പൗലോസ്, സിജി പൗലോസ്, പി.കെ. കുഞ്ഞൻ എന്നിവരുടെ നേതൃത്വത്തിൽ ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കുന്ന പ്രവർത്തനം നടത്തി.

എന്നാൽ ഒച്ചുകളുടെ ശല്യം ദിവസംതോറും കൂടിവരികയാണെന്നും ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും കൃഷി വകുപ്പും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഉപ്പ്, പുകയില, തുരിശ് തുടങ്ങിയവ പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്റെ നിർദേശം. എന്നാൽ തുരിശിന്റെ വില കുത്തനെ കൂടിയതും ഇവ പ്രയോഗിച്ചിട്ടും ഫലമില്ലാത്തതും കർഷകർക്ക് തിരിച്ചടിയായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377726/pampakkuda-african-snail-menace-crops-destroyed)