---
title: "പിറമാടം പള്ളിയിൽ സംഘർഷം: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, 3 പേർക്ക് പരിക്ക്"
english_title: "Clash at Piramadom St Johns Church in Piravom: 3 Injured in Orthodox Jacobite Dispute"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377713/piravom-piramadom-church-clash-orthodox-jacobite"
published_at: "2026-08-10T11:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a796e8e13368_piravom-piramadom-church-clash-orthodox-jacobite.jpg"
keywords: []
---

# പിറമാടം പള്ളിയിൽ സംഘർഷം: ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, 3 പേർക്ക് പരിക്ക്

> **Lead Summary:** **പിറവം: ** എറണാകുളം ജില്ലയിലെ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം സുറിയാനി പള്ളിയിൽ ഞായറാഴ്ച ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വൈദികൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

## Article Content

**പിറവം: ** എറണാകുളം ജില്ലയിലെ പിറമാടം സെന്റ് ജോൺസ് ബത്‌ലഹേം സുറിയാനി പള്ളിയിൽ ഞായറാഴ്ച ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വൈദികൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

ഓർത്തഡോക്സ് സഭ അസി. വികാരി ഫാ. എബിൻ എബ്രാഹം, യാക്കോബായ വിഭാഗത്തിലെ പിറമാടം ചെനയംമാക്കിൽ റെജി, ഡാനിയേൽ പയ്യാനിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പള്ളിയുടെ നിയന്ത്രണം രാമമംഗലം പൊലീസ് ഏറ്റെടുത്തു. കളക്ടറുമായി ചർച്ച നടത്തിയ ശേഷമാകും പള്ളിയിൽ പതിവ് ആരാധന നടത്തുകയെന്ന് പൊലീസ് അറിയിച്ചു.

യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായി ഞായർ രാവിലെ 7 മണിക്കാണ് ഫാ. എബിൻ എബ്രാഹത്തിന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം ആരാധനയ്ക്ക് എത്തിയത്. ഫാ. എബിൻ എബ്രാഹം മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ. ലാൽ മോൻ തമ്പി പട്ടരുമഠത്തിന്റെ നേതൃത്വത്തിലുള്ള വിശ്വാസികൾ തടഞ്ഞു.

തുടർന്ന് പള്ളിക്കുള്ളിൽ വാക്കുതർക്കവും പിന്നീട് കയ്യാങ്കളിയുമായി.വിവരം അറിഞ്ഞെത്തിയ രാമമംഗലം പൊലീസിന്റെ ഇടപെടലിലാണ് വലിയ സംഘർഷം ഒഴിവായത്. പ്രതിഷേധ സൂചകമായി ഫാ. എബിൻ എബ്രാഹം പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്നു. പിന്നീട് യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി.1934-ലെ ഭരണഘടന അനുസരിച്ച് വികാരി, അസിസ്റ്റന്റ് വികാരി എന്നിവർക്ക് കുർബാന നടത്തുന്നതിനും മറ്റ് മതാചാരപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിനും തടസ്സം ഉണ്ടാക്കാൻ പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കി.

എന്നാൽ ആ ഉത്തരവ് നിലനിൽക്കില്ലെന്നും സഭാ കേസുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരിഗണനയിലാണെന്നും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ സാഹചര്യത്തിൽ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും യാക്കോബായ വിഭാഗം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377713/piravom-piramadom-church-clash-orthodox-jacobite)