---
title: "പിറവം മണീടിലെ പാറമടയ്ക്ക് അനുമതി: ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഐഎം"
english_title: "CPI(M) Demands Review of Quarry Permission in Piravom Maned, Warns of Protest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377403/piravom-maned-quarry-permission-cpi-m-protest"
published_at: "2026-08-08T11:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76c4cd88914_piravom-maned-quarry-permission-cpi-m-protest.jpg"
keywords: ["Piravom", "Maned", "Piravom News", "CPI(M) Protest", "Collector Order", "Ernakulam News"]
---

# പിറവം മണീടിലെ പാറമടയ്ക്ക് അനുമതി: ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഐഎം

> **Lead Summary:** പിറവം: മണീടിലെ പാറമട പ്രവർത്തനത്തിന് ജില്ലാ കളക്ടർ അനുമതി നൽകിയ ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് സിപിഐ(എം) മണീട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

പിറവം: മണീടിലെ പാറമട പ്രവർത്തനത്തിന് ജില്ലാ കളക്ടർ അനുമതി നൽകിയ ഉത്തരവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് സിപിഐ(എം) മണീട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

വർഷങ്ങൾക്ക് മുമ്പ് പരിസ്ഥിതി പ്രശ്നങ്ങളും നാട്ടുകാരുടെ ശക്തമായ പ്രതിഷേധവും തുടർന്നാണ് ഈ പാറമടയുടെ പ്രവർത്തനം നിർത്തിവച്ചത്. അത്തരമൊരു സ്ഥലത്ത് വീണ്ടും അനുമതി നൽകിയതിൽ ദുരൂഹതയുണ്ടെന്നാണ് ലോക്കൽ കമ്മിറ്റിയുടെ ആരോപണം.പഞ്ചായത്ത് ഭരണസമിതി ലൈസൻസ് നിഷേധിച്ച സാഹചര്യത്തിലാണ് കോടതി വിധിയുടെ മറവിൽ വളരെ വേഗത്തിൽ അനുമതി ലഭിച്ചിരിക്കുന്നത്.

ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.അനുമതി ലഭിച്ച പാറമടയുടെ 50 മീറ്റർ പരിധിയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഖന പ്രവർത്തനങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും ലോക്കൽ സെക്രട്ടറി ബിജു സൈമൺ ചൂണ്ടിക്കാട്ടി. അതിനാൽ റവന്യൂ അധികൃതർ സ്വീകരിച്ച നടപടി ഉടൻ പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കളക്ടറുടെ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ(എം) മുന്നറിയിപ്പ് നൽകി. പരിസ്ഥിതി പ്രശ്നങ്ങളും ജനജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പാർട്ടി സമരത്തിന് ഒരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377403/piravom-maned-quarry-permission-cpi-m-protest)