---
title: "ഹാൾമാർക്ക് മുദ്രയുള്ള മുക്കുപണ്ടം പണയംവച്ച് ഒരുകോടി തട്ടി ; 5 പേർ അറസ്റ്റിൽ"
english_title: "Palakkad Fake Gold Pledge Scam: 5 Arrested in Kochi for Rs 1 Crore Fraud"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377387/kochi-palarivattom-fake-gold-pledge-scam-1-crore-arrest"
published_at: "2026-08-08T10:01:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76b3af0aa19_kochi-palarivattom-fake-gold-pledge-scam-1-crore-arrest.jpg"
keywords: ["Kochi", "Palarivattom", "Gold Loan Scam", "Fake Gold", "Financial Fraud"]
---

# ഹാൾമാർക്ക് മുദ്രയുള്ള മുക്കുപണ്ടം പണയംവച്ച് ഒരുകോടി തട്ടി ; 5 പേർ അറസ്റ്റിൽ

> **Lead Summary:** കൊച്ചി: പാലാരിവട്ടത്തെ സ്വകാര്യ ധനസ്ഥാപനത്തിൽ വ്യാജ ആഭരണങ്ങൾ പണയംവച്ച് ഒരുകോടി രൂപയോളം തട്ടിയ കേസിൽ 5 പേർ പൊലീസ് പിടിയിൽ.

## Article Content

കൊച്ചി: പാലാരിവട്ടത്തെ സ്വകാര്യ ധനസ്ഥാപനത്തിൽ വ്യാജ ആഭരണങ്ങൾ പണയംവച്ച് ഒരുകോടി രൂപയോളം തട്ടിയ കേസിൽ 5 പേർ പൊലീസ് പിടിയിൽ.

ജൂൺ 13 മുതൽ ജൂലൈ 27 വരെയുള്ള ദിവസങ്ങളിലാണ് സംഘം തട്ടിപ്പ് നടത്തിയത്. കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു ആണ് ആദ്യം രണ്ടുതവണ സ്വർണാഭരണം പണയംവച്ച് സ്ഥാപനത്തിലെ ജീവനക്കാരുടെ വിശ്വാസം നേടിയത്. പിന്നീട് കൂട്ടുപ്രതികളുമായി ചേർന്ന് പലതവണയായി സ്ഥാപനത്തിലെത്തി ഹാൾമാർക്ക് മുദ്രയുള്ള മുക്കുപണ്ട ആഭരണങ്ങൾ പണയംവച്ച് വലിയ തുക കൈക്കലാക്കി.

ധനസ്ഥാപനത്തിൽ നടത്തിയ ഓഡിറ്റിലാണ് പണയംവച്ചിരിക്കുന്നത് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ജൂലൈ 29ന് വീണ്ടും പണയംവയ്ക്കാൻ വിഷ്ണുവും വയനാട് മൂലംകാവ് സ്വദേശി രാഹുലും എത്തിയപ്പോൾ ജാഗ്രത പുലർത്തിയ ജീവനക്കാർ പാലാരിവട്ടം പൊലീസിന് വിവരം നൽകി.

മാനേജരുടെ പരാതിയിൽ കേസെടുത്ത പാലാരിവട്ടം പൊലീസ് വിഷ്ണുവിനെയും രാഹുലിനെയും സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും ബന്ധമുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായി. ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34) മൂവാറ്റുപുഴയിൽ നിന്നും, ഉടുമ്പന്നൂർ സ്വദേശി അർഷൽ ഇസ്മായിൽ (32), കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജ് (42) എന്നിവരെ ഒളിസങ്കേതത്തിൽ നിന്നുമാണ് പിടികൂടിയത്.പ്രതികളിൽ നിന്ന് തട്ടിപ്പിന് ഉപയോഗിച്ച ആഭരണങ്ങളും അവയുടെ നിർമാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളും പൊലീസ് കണ്ടെടുത്തു.

എറണാകുളം എസിപി കെ.ജെ. പീറ്ററുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എ. അനൂപ്, എസ്ഐ ആർ. ജഗീഷ്, മിഥുൻ മോഹൻ, എഎസ്ഐ പി.വി. സിഘോഷ്, എൻ.എ. അനീഷ്, ജിപിൻലാൽ, അഖിൽ പത്മൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377387/kochi-palarivattom-fake-gold-pledge-scam-1-crore-arrest)