---
title: "ഒഴിവായത് വൻ ദുരന്തം ; 40 ടൺ സിമന്റുമായി വന്ന ടാങ്കർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു"
english_title: "Kakkanad Lorry Accident: 40 Ton Cement Tanker Falls 15 Feet, Driver Escapes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377374/kakkanad-lorry-accident-40-ton-cement-tanker-falls"
published_at: "2026-08-08T08:48:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76a077cda12_1000707546.jpg"
keywords: ["Kakkanad", "Accident", "Lorry", "Thengode Junction", "Cement Tanker"]
---

# ഒഴിവായത് വൻ ദുരന്തം ; 40 ടൺ സിമന്റുമായി വന്ന ടാങ്കർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു

> **Lead Summary:** കാക്കനാട്: പള്ളിക്കര-കാക്കനാട് റോഡിലെ തെങ്ങോട് ജങ്ഷനുസമീപം വെള്ളിയാഴ്ച പുലർച്ചെ വൻ അപകടം. 40 ടൺ സിമന്റുമായി വന്ന ബുള്ളറ്റ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

## Article Content

കാക്കനാട്: പള്ളിക്കര-കാക്കനാട് റോഡിലെ തെങ്ങോട് ജങ്ഷനുസമീപം വെള്ളിയാഴ്ച പുലർച്ചെ വൻ അപകടം. 40 ടൺ സിമന്റുമായി വന്ന ബുള്ളറ്റ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

പുലർച്ചെ 5.30-നാണ് സംഭവം. കോയമ്പത്തൂരിൽ നിന്നും ബ്രഹ്മപുരത്തെ റെഡി മിക്‌സ് പ്ലാന്റിലേക്ക് സിമന്റുമായി വരികയായിരുന്ന 22 ചക്രമുള്ള ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവർ ലെനിൻ (56) ആണ് ലോറി ഓടിച്ചിരുന്നത്. അദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വഴിതെറ്റിയ ലോറി തെങ്ങോട് വായനശാല ജങ്ഷനിൽ നിന്ന് തിരിഞ്ഞ് ഇറക്കമിറങ്ങുന്നതിനിടെയാണ് അപകടം. മേക്കര ഗോപിയുടെ വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിലേക്കാണ് ലോറി മറിഞ്ഞത്. സ്ഥലം ആളൊഴിഞ്ഞതായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

അപകടത്തിൽ രണ്ട് വൈദ്യുതിത്തൂണുകളും സ്വകാര്യ ഇന്റർനെറ്റ് കേബിൾ പോസ്റ്റുകളും തകർന്നു. ഇതേത്തുടർന്ന് തെങ്ങോട് പരിസരത്തെ വൈദ്യുതി, ഇന്റർനെറ്റ് ബന്ധം പൂർണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് തൃക്കാക്കര അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി. 108 ആംബുലൻസിൽ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറിഞ്ഞുകിടക്കുന്ന ലോറി നീക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ക്രെയിൻ എത്തിച്ചാണ് ലോറി ഉയർത്തുക. സംഭവസ്ഥലം നിത്യേന അപകടമേഖലയായി മാറുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡരികിൽ അപകട മുന്നറിയിപ്പ് ബോർഡുകളും ഇരുമ്പുകൈവരികളും സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377374/kakkanad-lorry-accident-40-ton-cement-tanker-falls)