---
title: "പിറവത്ത് പാടത്ത് താറാവുകളെ ചത്തനിലയിൽ കണ്ടെത്തി ; ഉടമയെ കുറിച്ച് വിവരമില്ല, അന്വേഷണം തുടങ്ങി"
english_title: "Ducks Found Dead in Piravom Paddy Field, Kerala Health Department Probes"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377347/piravom-ducks-found-dead-paddy-field-health-probe"
published_at: "2026-08-07T22:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a760ad23ecc8_1000707311.jpg"
keywords: ["Piravom", "Ducks Dead", "Paddy Field", "Piravom Municipality"]
---

# പിറവത്ത് പാടത്ത് താറാവുകളെ ചത്തനിലയിൽ കണ്ടെത്തി ; ഉടമയെ കുറിച്ച് വിവരമില്ല, അന്വേഷണം തുടങ്ങി

> **Lead Summary:** പിറവം : പിറവം നഗരസഭ പരിധിയിലെ പാടശേഖരത്തിൽ കൂട്ടത്തോടെ താറാവുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരെ ഞെട്ടിച്ചു. പാഴൂർ കുര്യാനിപ്പടി മനയ്ക്കപ്പടി റോഡിന്റെ ഓരത്തുള്ള പാടത്താണ് താറാവുകളുടെ ജഡങ്ങൾ കണ്ടത്.

## Article Content

പിറവം : പിറവം നഗരസഭ പരിധിയിലെ പാടശേഖരത്തിൽ കൂട്ടത്തോടെ താറാവുകളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവം നാട്ടുകാരെ ഞെട്ടിച്ചു. പാഴൂർ കുര്യാനിപ്പടി മനയ്ക്കപ്പടി റോഡിന്റെ ഓരത്തുള്ള പാടത്താണ് താറാവുകളുടെ ജഡങ്ങൾ കണ്ടത്.

ആരുടെ ഉടമസ്ഥതയിലുള്ള താറാവുകളാണ് ഇവ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആലപ്പുഴ ഭാഗത്ത് നിന്നും തീറ്റ തേടി എത്തിയ താറാവ് കൂട്ടമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നാട്ടുകാർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

സംഭവത്തിൽ ഉടൻ തന്നെ പിറവം നഗരസഭ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വകുപ്പും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. താറാവുകൾക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും.

പിറവം നഗരസഭ ചെയർമാൻ കെ.ആർ. പ്രദീപ്കുമാർ, കൗൺസിലർമാരായ വത്സല വർഗീസ്, ജയ്സൺ പുളിക്കൽ, ഉണ്ണി വല്ലയിൽ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു. അതേസമയം താറാവ് കർഷകരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കർഷകർ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വള്ളം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രോഗബാധയാണോ അതോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് ആശങ്ക പരത്തുന്ന ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377347/piravom-ducks-found-dead-paddy-field-health-probe)