---
title: "ബാറിൽ പണം നൽകാത്തതിൽ വൈരാഗ്യം ; യുവാവിന് കുത്തേറ്റു, രണ്ടുപേർ അറസ്റ്റിൽ"
english_title: "Youth Stabbed in Palluruthy Over Bar Dispute, Two Arrested by Police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377256/palluruthy-bar-stabbing-youth-injured-two-arrested"
published_at: "2026-08-07T14:44:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75a4d4d1034_1000706853.jpg"
keywords: []
---

# ബാറിൽ പണം നൽകാത്തതിൽ വൈരാഗ്യം ; യുവാവിന് കുത്തേറ്റു, രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** എറണാകുളം : പള്ളുരുത്തിയിൽ ബാറിൽ മദ്യവും പണവും നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിന് കുത്തേറ്റു.

## Article Content

എറണാകുളം : പള്ളുരുത്തിയിൽ ബാറിൽ മദ്യവും പണവും നൽകാത്തതിന്റെ വൈരാഗ്യത്തിൽ യുവാവിന് കുത്തേറ്റു.

നമ്പ്യാപുരം എ.ടി.എച്ച് ബാറിന് സമീപമാണ് സംഭവം. രണ്ടംഗ സംഘ മദ്യവും പണവും നൽകാത്തതിന്റെ പേരിൽ ഉണ്ടായ വൈരാഗ്യത്തിൽ യുവാവിന് കുത്തേറ്റു. എറണാകുളം പള്ളുരുത്തി നമ്പ്യാപുരം എ.ടി.എച്ച് ബാറിന് സമീപം വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

പള്ളുരുത്തി സ്വദേശി സജീർ ഇസ (40) നാണ് കുത്തേറ്റത്. ഇയാളെ തടഞ്ഞുനിർത്തി രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ സജീറിനെ വട്ടം പിടിച്ചപ്പോൾ മറ്റേയാൾ മടിയിൽ കരുതിയിരുന്ന കത്തിയെടുത്ത് വയറിലും കഴുത്തിലുമായി കുത്തി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് പരിക്കേറ്റ സജീറിനെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു.

ആക്രമണം നടത്തിയത് പള്ളുരുത്തി സ്വദേശികളായ കെ.ജെ. പ്രിൻസ് (32), ഗോകുൽ (28) എന്നിവരാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിൽ വെച്ച് മദ്യത്തിനും പണത്തിനും വേണ്ടിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

പ്രതികൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്. സജീറിന്റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377256/palluruthy-bar-stabbing-youth-injured-two-arrested)