---
title: "ശക്തമായ മഴ ; പാറമടയിലേക്ക് വൻ മണ്ണിടിച്ചിൽ "
english_title: "Heavy Rain Causes Massive Landslide at Abandoned Quarry in Muvattupuzha Marady"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377233/muvattupuzha-marady-quarry-landslide-heavy-rain-2026"
published_at: "2026-08-07T13:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a758fe6bd715_muvattupuzha-marady-quarry-landslide-heavy-rain-2026.jpg"
keywords: ["Muvattupuzha", "Marady Landslide", "Quarry Collapse"]
---

# ശക്തമായ മഴ ; പാറമടയിലേക്ക് വൻ മണ്ണിടിച്ചിൽ 

> **Lead Summary:** എറണാകുളം: ശക്തമായ മഴ തുടരുന്നതിനിടെ മൂവാറ്റുപുഴയിൽ പഴയ പാറമടയിലേക്ക് വൻ മണ്ണിടിച്ചിലുണ്ടായി.

## Article Content

എറണാകുളം: ശക്തമായ മഴ തുടരുന്നതിനിടെ മൂവാറ്റുപുഴയിൽ പഴയ പാറമടയിലേക്ക് വൻ മണ്ണിടിച്ചിലുണ്ടായി.

മാറാടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് കായനാട് പടിഞ്ഞാറെ മലയുടെ താഴെ പൊട്ടറുകാട് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് സംഭവം.വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഉരുൾപൊട്ടൽ പോലെ ഉഗ്രശബ്ദത്തോടെ കല്ലുകളും മണ്ണും പാറമടയിലെ വെള്ളത്തിലേക്ക് പതിച്ചത്.

ആദ്യം ചെറിയ കഷണങ്ങളായി വീണെങ്കിലും തൊട്ടുപിന്നാലെ മലയുടെ മുകൾഭാഗം പൂർണ്ണമായി ഇടിഞ്ഞുവീഴുകയായിരുന്നു. സമീപത്തെ പൈനാപ്പിൾ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് ആദ്യം മണ്ണിടിച്ചിൽ കണ്ടത്. ഏകദേശം 50 അടി നീളത്തിലും 20 അടി ഉയരത്തിലുമുള്ള ഭാഗമാണ് ഇടിഞ്ഞത്.

ഇടിയുടെ വൻ ശബ്ദം കേട്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. ആദ്യം ഇടിമുഴക്കമാണെന്നാണ് പലരും കരുതിയത്. മണ്ണിടിച്ചിലിൽ നിരവധി മരങ്ങളും കടപുഴകി വീണു.പാറമട നിറഞ്ഞ് വെള്ളം അടുത്തുള്ള തോട്ടിലേക്ക് ഒഴുകുന്നുണ്ട്. വർഷങ്ങളായി പ്രവർത്തനം നിലച്ച പാറമടയാണിത്.

മുൻപ് ഇവിടെ ജോലി നടക്കുന്നതിനിടെ കല്ല് വീണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ മരിച്ച സംഭവവും ഉണ്ടായിരുന്നു.കൂടുതൽ ഭാഗങ്ങൾ ഇടിഞ്ഞാൽ മലയടിവാരത്തെ വീടുകൾക്കും ഏക്കർ കണക്കിന് കൃഷിയിടങ്ങൾക്കും നാശം സംഭവിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377233/muvattupuzha-marady-quarry-landslide-heavy-rain-2026)