---
title: "മുളന്തുരുത്തിയിൽ ബൈക്കുകൾ ഉൾപ്പെടെ വൻതോതിൽ മോഷണം ; അഞ്ചംഗ സംഘം പിടിയിൽ"
english_title: "Large-scale theft, including of bikes, in Mulanthuruthy; Three-member gang arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/377202/large-scale-theft-including-of-bikes-in-mulanthuruthy-three-member-gang-arrested"
published_at: "2026-08-07T11:40:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75848cced59_1000706690.jpg"
keywords: []
---

# മുളന്തുരുത്തിയിൽ ബൈക്കുകൾ ഉൾപ്പെടെ വൻതോതിൽ മോഷണം ; അഞ്ചംഗ സംഘം പിടിയിൽ

> **Lead Summary:** എറണാകുളം: മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കുകൾ ഉൾപ്പെടെ വൻതോതിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ റിയാദ്, തൻസീർ, ബൈജു എന്നിവരാണ് പിടിയിലായത്.

## Article Content

എറണാകുളം: മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ബൈക്കുകൾ ഉൾപ്പെടെ വൻതോതിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ റിയാദ്, തൻസീർ, ബൈജു എന്നിവരാണ് പിടിയിലായത്.

മോഷണമുതൽ വാങ്ങിയ കുറ്റത്തിന് നിസാർ, മിഥുൻ എന്നീ രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ അതേ ദിവസം തന്നെ തലയോലപ്പറമ്പ്, കടുത്തുരുത്തി കുറവിലങ്ങാട്, ചാവക്കാട് എന്നീ സ്റ്റേഷൻ പരിധികളിലും ഇവർ മോഷണം നടത്തിയതായി തെളിഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 25-ൽ പരം കേസുകളിലെ പ്രതികളാണ് ഇപ്പോൾ പിടിയിലായ മൂവരും.

5-7-26 തീയതി പുലർച്ചെയാണ് മൂളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലുള്ള സ്ഥിരതാമസമില്ലാത്ത വീട് മുതൽ നീർപ്പാറയിലെ എച്ച് പി പമ്പ് വരെയുള്ള ആറോളം സ്ഥലങ്ങളിൽ ഈ സംഘം മോഷണം നടത്തിയത്. മൂന്ന് ദിവസം നീണ്ട പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. നോർത്ത് പറവൂർ മാഞ്ഞാലി, പട്ടണം കവല എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പിടികൂടുന്ന സമയത്ത് മോഷണം നടത്തിയ വാഹനവും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.

ആലുവയിൽ നിന്ന് മോഷ്ടിച്ച സ്പ്ലെൻഡർ ബൈക്കിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ചാലക്കുടി ചാലക്കപ്പാറയിൽ എത്തിയപ്പോൾ മറ്റൊരു ബൈക്ക് കൂടി മോഷ്ടിച്ചു. തുടർന്ന് ഈ ബൈക്കുകളിലായി സഞ്ചരിച്ചാണ് ആറോളം മോഷണങ്ങൾ നടത്തിയത്. പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് ആലുവ മെട്രോ റെയിൽവേ ഓവർ ബ്രിഡ്ജിന്റെ അടിയിൽ നിന്ന് മോഷണം പോയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

തലയോലപ്പറമ്പ് മുതൽ മൂളന്തുരുത്തി, അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ വരെയുള്ള സ്ഥലങ്ങളിലെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണ സമയത്ത് ഹെൽമ റ്റും ഗ്ലൗസും ധരിക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുകയും ചെയ്തതിനാൽ അന്വേഷണത്തിന് തുടക്കത്തിൽ വലിയ വെല്ലുവിളി നേരിട്ടു.

എന്നാൽ നൂതന സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചും, പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരുടെയും ഹെൽമറ്റ് ധരിച്ച് കുറ്റകൃത്യം ചെയ്യുന്നവരുടെയും ലിസ്റ്റ് പരിശോധിച്ചും, അടുത്ത കാലത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയവരുടെ വിവരങ്ങൾ ക്രോഡീകരിച്ചുമാണ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ.

പ്രതികളെ പിറവം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി കെ. സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പുത്തൻകുരിശ് ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ മൂളന്തുരുത്തി ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, എസ് ഐ പ്രിൻസി,എസ് ഐ പ്രവീൺകുമാർ, എഎസ്ഐ മാരായ ജയകുമാർ, മനോജ്, സിജിറാം, ഷാജിത്, എസ്സിപിഒമാരായ അഭിജിത്, സുജിത്, സലീഷ്, ഷെൽസ്, സിപിഒമാരായ ജിൽസ്, സുധീഷ്, ജിഷു എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/377202/large-scale-theft-including-of-bikes-in-mulanthuruthy-three-member-gang-arrested)