---
title: "ഉടമ പറഞ്ഞയച്ചതാണെന്ന വ്യാജേന കടയിലെത്തി ; ജീവനക്കാരിയെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു"
english_title: "Arriving at the shop on the pretext that the owner had sent him; tricking the employee and extorting Rs. 6,000."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376931/arriving-at-the-shop-on-the-pretext-that-the-owner-had-sent-him-tricking-the-employee-and-extorting-rs-6000"
published_at: "2026-08-06T09:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a740809acd63_1000705248.jpg"
keywords: []
---

# ഉടമ പറഞ്ഞയച്ചതാണെന്ന വ്യാജേന കടയിലെത്തി ; ജീവനക്കാരിയെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു

> **Lead Summary:** വൈറ്റില : ഉടമ പറഞ്ഞയച്ചതാണെന്ന വ്യാജേന കടയിലെത്തി ജീവനക്കാരിയെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു. വൈറ്റില ജങ്ഷനിലെ ഹെർ ഡേ തുണിക്കടയിൽ ചൊവ്വാഴ്‌ചയാണ് സംഭവം.

## Article Content

വൈറ്റില : ഉടമ പറഞ്ഞയച്ചതാണെന്ന വ്യാജേന കടയിലെത്തി ജീവനക്കാരിയെ കബളിപ്പിച്ച് 6,000 രൂപ തട്ടിയെടുത്തു. വൈറ്റില ജങ്ഷനിലെ ഹെർ ഡേ തുണിക്കടയിൽ ചൊവ്വാഴ്‌ചയാണ് സംഭവം.

മാന്യമായ വസ്ത്രവും മാസ്‌കും ധരിച്ച് പകൽ 3.45ന് സ്ഥാപനത്തിലെത്തിയ ആളാണ് തട്ടിപ്പ് നടത്തിയത്.

അരമണിക്കൂർമുന്പ് കടയിലെത്തി ഉടമ ഉണ്ടോ എന്ന് ഇയാൾ അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിക്കുന്നതുപോലെ അഭിനയിച്ച് കടയിലേക്കുകയറിയ തട്ടിപ്പുകാരൻ കടയുടമയാണ് ഫോണിലെന്നും അത്യാവശ്യമുണ്ടെന്നും കൗണ്ടറിലുള്ള കാശ് മുഴുവൻ തരാൻ പറഞ്ഞെന്നും ജീവനക്കാരിയോട് പറഞ്ഞു.

ജോലിയിൽ പ്രവേശിച്ചിട്ട് കുറച്ചുദിവസം മാത്രമായ ജീവനക്കാരി പണമെടുത്തു നൽകി. പണം എണ്ണാൻ തുടങ്ങിയപ്പോൾ 'എണ്ണേണ്ട താൻ എണ്ണിക്കോളാം' എന്ന് ഇയാൾ പറയുന്നതും പണം വാങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ജീവനക്കാരി ഉടമ റിജാസ് കരീമിനെ വിളിച്ച് പണം കൊടുത്ത കാര്യം അറിയിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് ജീവനക്കാരി കടവന്ത്ര പൊലീസിൽ പരാതി നൽകി. തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാൾ മുന്പും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376931/arriving-at-the-shop-on-the-pretext-that-the-owner-had-sent-him-tricking-the-employee-and-extorting-rs-6000)