---
title: "വൈദ്യുതി പോസ്റ്റ് വീണ് പതിനാലുകാരിക്ക് ദാരുണാന്ത്യം ; അപകടം കൂട്ടുകാരിക്കൊപ്പം നടന്നു പോകവെ"
english_title: "A 14-year-old girl died tragically after falling from an electricity pole; the accident occurred while she was walking with her friend."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376865/a-14-year-old-girl-died-tragically-after-falling-from-an-electricity-pole-the-accident-occurred-while-she-was-walking-with-her-friend"
published_at: "2026-08-05T17:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73221256714_1000704783.jpg"
keywords: []
---

# വൈദ്യുതി പോസ്റ്റ് വീണ് പതിനാലുകാരിക്ക് ദാരുണാന്ത്യം ; അപകടം കൂട്ടുകാരിക്കൊപ്പം നടന്നു പോകവെ

> **Lead Summary:** ലഖ്നൗ: വൈദ്യുതി പോസ്റ്റ് വീണ് പതിനാലുകാരിക്ക് ദാരുണാന്ത്യം.

## Article Content

ലഖ്നൗ: വൈദ്യുതി പോസ്റ്റ് വീണ് പതിനാലുകാരിക്ക് ദാരുണാന്ത്യം.

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലുള്ള ഭീഹ്ഗാവ് ഗ്രാമത്തിൽ ഞായറാഴ്ച‌ വൈകുന്നേരമാണ് അപകടം നടന്നത്. ചന്ദ്രഹാസ് സിംഗ് മുന്നി ദേവി ഇൻന്റർ കോളേജിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും അജയ് ശുക്ലയുടെ മകളുമായ രാഗിണി (14) ആണ് ദാരുണമായി മരിച്ചത്.

കൂട്ടുകാരി കാമിനിക്കൊപ്പം വീടിനടുത്തുള്ള പലചരക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോവുകയായിരുന്നു രാഗിണി. കടയിലേക്ക് സാധനങ്ങളുമായി വന്ന ഒരു ലോറി മുന്നോട്ടെടുത്തപ്പോൾ മുകളിലുണ്ടായിരുന്ന വൈദ്യുതി കേബിളിൽ കുരുങ്ങുകയായിരുന്നു. വണ്ടി മുന്നോട്ട് നീങ്ങിയതോടെ കേബിൾ വലിഞ്ഞുമുറുകി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് കുട്ടികൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

പോസ്റ്റ് മറിഞ്ഞുവീഴുന്നത് കണ്ട് കൂട്ടുകാരി കാമിനി പെട്ടെന്ന് ഓടിമാറിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭയന്നുപോയ രാഗിണി, തലയിൽ കൈവെച്ച് അവിടെത്തന്നെ നിന്നുപോയി. ഭാരമേറിയ പോസ്റ്റ് തലയിലേക്ക് വീണ് കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഷോക്കടിക്കുമെന്ന് ഭയന്ന് ആദ്യം ആരും കുട്ടിയുടെ അടുത്തേക്ക് പോയിരുന്നില്ല. ഏകദേശം 25 സെക്കൻഡുകൾക്ക് ശേഷം നാട്ടുകാർ മുളവടി ഉപയോഗിച്ച് പോസ്റ്റ് ഉയർത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. ലഭിച്ച പരാതിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. മരിച്ച രാഗിണി ചന്ദ്രഹാസ് സിംഗ് മുന്നി ദേവി ഇൻ്റർ കോളേജിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376865/a-14-year-old-girl-died-tragically-after-falling-from-an-electricity-pole-the-accident-occurred-while-she-was-walking-with-her-friend)