---
title: "വിലക്കയറ്റം കടുക്കുന്നു ; ചോറിനൊപ്പം കറിയും കുറയും, പച്ചക്കറികൾക്ക് 50 രൂപ വരെ കൂടി"
english_title: "Price hikes are on the rise: Along with rice, curry will also go down, vegetables will cost up to Rs 50 more."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376428/price-hikes-are-on-the-rise-along-with-rice-curry-will-also-go-down-vegetables-will-cost-up-to-rs-50-more"
published_at: "2026-08-03T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a70acd7d7aa7_1000702685.jpg"
keywords: []
---

# വിലക്കയറ്റം കടുക്കുന്നു ; ചോറിനൊപ്പം കറിയും കുറയും, പച്ചക്കറികൾക്ക് 50 രൂപ വരെ കൂടി

> **Lead Summary:** തിരുവനന്തപുരം : ചോറ് മാത്രമല്ല മലയാളിയുടെ പ്ലേറ്റിലെ കറികളുടെ എണ്ണവും ഇനി കുറയും.

## Article Content

തിരുവനന്തപുരം : ചോറ് മാത്രമല്ല മലയാളിയുടെ പ്ലേറ്റിലെ കറികളുടെ എണ്ണവും ഇനി കുറയും.

അരിയും പലവ്യഞ്ജനങ്ങളും തീവിലയിൽ തുടരുമ്പോൾ പച്ചക്കറി വിലയും കുതിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ പച്ചക്കറികൾക്ക് പലതിനും 10 മുതൽ 50 രൂപ വരെയാണ് കൂടിയത്.

ഇഞ്ചി, തക്കാളി, ബീറ്റ്റൂട്ട്, ബീൻസ് എന്നിവയ്ക്കാണ് വില ഒറ്റയടിക്ക് വർധിച്ചത്. 200 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് 240 ആണ് മൊത്ത വിപണിയിലെ ഞായറാഴ്‌ചത്തെ വില. ആകെ ആശ്വാസമായിരുന്ന തക്കാളിക്ക് 20ൽ നിന്ന് 40വരെയായും വില കൂടി. ബീൻസ് കിലോ 70ൽ നിന്ന് 120 ആയി കുത്തനെ ഉയർന്നു.

ക്യാരറ്റിന്റെ ഗുണനിലവാരം അനുസരിച്ച് 60 മുതൽ 80 രൂപ വരെയാണ് വ്യാപാരികൾ ഈടാക്കുന്നത്. ബീറ്റ്റൂട്ട് കിലോ 60, പയർ 50, പാവയ്ക്ക 60, വെണ്ടയ്ക്ക 60 എന്നിങ്ങനെയാണ് മറ്റ് വില. ചെറിയ ഉള്ളിക്ക് 82 മുതൽ 110 രൂപ വരെയുണ്ട്. മുരിങ്ങയ്ക്ക് 70 മുതൽ 80 വരെയും കത്തിരിക്കയ്ക്ക് 60 മുതൽ 80 വരെയുമാണ് മൊത്തവിപണി വില.

ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരും. അരിക്കും ദിവസങ്ങൾക്കുള്ളിൽ 20 ശതമാനം വില കൂടിയിരുന്നു. മട്ട വടി അരിക്ക് മൊത്തവിപണിയിലെ വില 61 രൂപയാണ്. ചില്ലറ വിപണിയിൽ എട്ട് രൂപ കൂടി വർധിക്കും. മട്ട ഉണ്ട അരിക്ക് 48, ജയ -50, സുരേഖ -51, കുറുവ -42, സ്വർണ- 39, ഐആർ8 പച്ചരി- 40, ഐആർഎസ് 64 പച്ചരി- 35 എന്നിങ്ങനെയാണ് മറ്റ് വില.

വില ഉയർന്നപ്പോൾ ഹോർട്ടികോർപ്പ് വഴി പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കിയും 13 ഇനം അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ സപ്ലൈകോ വഴി നൽകിയുമാണ് എൽഡിഎഫ് സർക്കാർ ഫലപ്രദമായി പൊതുവിപണയിൽ ഇടപ്പെട്ടിരുന്നത്. പൊതുവിപണിയെക്കാൾ ശരാശരി 20 മുതൽ 30 ശതമാനം കിഴിവിലായിരുന്നു വിതരണം. എന്നാൽ വിപണിയിലിടപ്പെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ യുഡിഎഫ് സർക്കാർ തുടക്കം മുതൽ പരാജയപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376428/price-hikes-are-on-the-rise-along-with-rice-curry-will-also-go-down-vegetables-will-cost-up-to-rs-50-more)