---
title: "മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും ; രണ്ടു വീടുകൾ പൂർണമായി തകർന്നു"
english_title: "Landslide and flash flood; Two houses completely destroyed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376089/landslide-and-flash-flood-two-houses-completely-destroyed"
published_at: "2026-08-02T08:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ead726e03f_1000700800.jpg"
keywords: []
---

# മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും ; രണ്ടു വീടുകൾ പൂർണമായി തകർന്നു

> **Lead Summary:** മൂവാറ്റുപുഴ : കനത്ത മഴയിൽ മഞ്ഞള്ളൂർ പഞ്ചായത്തിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും രണ്ടു വീടുകൾ പൂർണമായി തകർന്നു.

## Article Content

മൂവാറ്റുപുഴ : കനത്ത മഴയിൽ മഞ്ഞള്ളൂർ പഞ്ചായത്തിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും രണ്ടു വീടുകൾ പൂർണമായി തകർന്നു.

എട്ടുവീടുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. സമീപത്ത് മണ്ണിടിച്ചിൽഭീഷണി നിലനിൽക്കുകയാണ്. പഞ്ചായത്തിലെ 13-ാ-ാം വാർഡിൽ പിരളിമറ്റം നെടുമലയിൽ വെള്ളി രാത്രിയിലാണ് സംഭവം. പഞ്ചായത്ത് മുൻ അംഗം കാടങ്കാവിൽ അനിത റെജി, കൊത്തളത്തിൽ കെ വി സോമൻ എന്നിവരുടെ വീടിനാണ് നാശമുണ്ടായത്.

രാത്രി 11.30ന് ആദ്യം അനിത റെജിയുടെ വീടിനുപിന്നിലാണ് മണ്ണിടിഞ്ഞത്. മരങ്ങളും മണ്ണും കല്ലുകളും ഒഴുകിയെത്തി വീട് തകർന്നു. കല്ലും മണ്ണും നിറഞ്ഞു. കോൺക്രീറ്റ്ഭിത്തികളും പൊട്ടി.

വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിച്ചു. സമീപത്തെ സോമൻ്റെ വീടിനും നാശമുണ്ടായി. വീട്ടുപകരണങ്ങൾ നശിച്ചു. അനിതയുടെ വീട്ടിലെ 80 വയസ്സ് കഴിഞ്ഞ മാതാപിതാക്കളെ നാട്ടുകാരുടെ സഹായത്തോടെ രാത്രി മറ്റൊരിടത്തേക്ക് മാറ്റി. മൂന്നു മണിക്കൂറിലേറെ മഴ ശക്തി പ്രാപിച്ചതിനാൽ വീട്ടുകാർ ഭീതിയിലായിരുന്നു. ഇതിനിടെ, പുലർച്ചെ 1.30ന് വീണ്ടും മണ്ണിടിഞ്ഞു.

സമീപത്തെ അകത്തുട്ടേൽ ബിനു പ്രഭാകരൻ, ഇരുപൂളുംകാട്ടിൽ ഇ കെ സുഭാഷ്, കിഴക്കേപ്പുറത്ത് തങ്കപ്പൻ, ഇരുപൂളുംകാട്ടിൽ ഇ സി അനിൽ, പടിഞ്ഞാറേൽ സത്യവാൻ, കുറിഞ്ഞിലിക്കാട്ട് മനോജ്, നിരവത്ത് എൽസി സണ്ണി, പാമ്പുറത്ത് തെക്കുംമല ലക്ഷ്‌മിക്കുട്ടി രവി എന്നിവരുടെ വീടുകൾക്ക് കേടുപാടുപാടുണ്ടായി.

താമസിക്കാൻപറ്റാത്ത വീടുകളിലുള്ളവരെ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റി. പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് നെടുമല. ആദ്യമായാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടാകുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. റവന്യുവകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376089/landslide-and-flash-flood-two-houses-completely-destroyed)