---
title: "എറണാകുളത്ത് അതിശക്തമായ മഴ; മരം വീണ് അങ്കണവാടി തകർന്നു, കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Heavy rain in Ernakulam; Anganwadi collapsed after tree falls, children miraculously survive."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/376060/heavy-rain-in-ernakulam-anganwadi-collapsed-after-tree-falls-children-miraculously-survive"
published_at: "2026-08-01T20:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e09ee6598a_1000700527.jpg"
keywords: []
---

# എറണാകുളത്ത് അതിശക്തമായ മഴ; മരം വീണ് അങ്കണവാടി തകർന്നു, കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** എറണാകുളം : ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. പെരുമ്പാവൂർ വേങ്ങൂർ പാണിയലി മൂന്നാം വാർഡിലെ അങ്കണവാടിക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ഒരു ഭാഗം പൂർണമായും തകർന്നു.

## Article Content

എറണാകുളം : ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. പെരുമ്പാവൂർ വേങ്ങൂർ പാണിയലി മൂന്നാം വാർഡിലെ അങ്കണവാടിക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ഒരു ഭാഗം പൂർണമായും തകർന്നു.

അപകട സമയത്ത് കുട്ടികൾ ഭക്ഷണം കഴിക്കാനായി മാറിയിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുട്ടികൾ സാധാരണ കളിക്കുകയും ഇരിക്കുകയും ചെയ്യുന്ന സ്ഥലത്താണ് മരം വീണത്. അങ്കണവാടിയിലെ കളിപ്പാട്ടങ്ങളും മറ്റ് ഉപകരണങ്ങളും പൂർണമായും തകർന്നു. എന്നാൽ കുട്ടികൾക്കോ ജീവനക്കാർക്കോ പരിക്കുകളില്ല.

രാവിലെ ശാന്തമായിരുന്ന പല പ്രദേശങ്ങളെയും ഉച്ചയോടെ മഴക്കെടുതി ബാധിച്ചു. കിഴക്കൻ മേഖലകളിൽ മരങ്ങൾ കടപുഴകി വീണ് കൃഷി നാശവും റിപ്പോർട്ട് ചെയ്തു. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം വേലിയേറ്റം കൂടിയതോടെ കണ്ണമാലി, ചെല്ലാനം തീരദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായി. ടെട്രാപോഡ് കടൽഭിത്തി ഇല്ലാത്തിടങ്ങളിൽ തിരമാലകൾ താൽക്കാലിക ഭിത്തി തകർത്ത് റോഡിൽ വെള്ളക്കെട്ട് സൃഷ്ടിച്ചു. നിരവധി വീടുകൾ അപകടാവസ്ഥയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/376060/heavy-rain-in-ernakulam-anganwadi-collapsed-after-tree-falls-children-miraculously-survive)