---
title: "കോൺക്രീറ്റ്പാളി റോഡിലേക്ക് അടർന്നുവീണു ; ഒഴിവായത് വൻ ദുരന്തം"
english_title: "Concrete slab falls onto road; major disaster averted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375892/concrete-slab-falls-onto-road-major-disaster-averted"
published_at: "2026-08-01T10:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d78b31ae27_1000699741.jpg"
keywords: []
---

# കോൺക്രീറ്റ്പാളി റോഡിലേക്ക് അടർന്നുവീണു ; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** കോതമംഗലം : മുനിസിപ്പൽ സ്വകാര്യ ബസ്‌സ്‌റ്റാൻഡിനോട് ചേർന്നുള്ള മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾഭാഗത്തുനിന്ന് വലിയൊരുഭാഗം കോൺക്രീറ്റ്പാളി റോഡിലേക്ക് അടർന്നുവീണു. സ്കൂളുകളും കോളേജുകളും അവധിയായതിനാൽ വൻദുരന്തം ഒഴിവായി.

## Article Content

കോതമംഗലം : മുനിസിപ്പൽ സ്വകാര്യ ബസ്‌സ്‌റ്റാൻഡിനോട് ചേർന്നുള്ള മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾഭാഗത്തുനിന്ന് വലിയൊരുഭാഗം കോൺക്രീറ്റ്പാളി റോഡിലേക്ക് അടർന്നുവീണു. സ്കൂളുകളും കോളേജുകളും അവധിയായതിനാൽ വൻദുരന്തം ഒഴിവായി.

വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം.കെട്ടിടത്തിൽത്തന്നെ തട്ടി ചിതറിയാണ് താഴേക്കുവീണത്. കുട ചൂടി നടന്നുപോകുകയായിരുന്ന മാതിരപ്പിള്ളി കൊരട്ടികുന്നേൽ മാത്യൂസിന് പരിക്കേറ്റു. കുട തകർന്ന് കോൺക്രീറ്റ് മാത്യൂസിന്റെ തലയിൽ പതിച്ചു.

മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സതേടിയ മാത്യൂസിന്, തലയിൽ ഏഴ് തുന്നലുണ്ട്. തയ്യൽത്തൊഴിലാളിയായ മാത്യൂസ്, ബസിൽനിന്നിറങ്ങി സ്ഥാപനത്തിലേക്ക് പോകുമ്പോഴാണ് അപകടം.

കോൺക്രീറ്റ് പാളി വീഴുമ്പോൾ പൂപ്പാറയ്ക്കുള്ള 'ജയൻ' ബസ് കടന്നുപോകുന്നുണ്ടായിരുന്നു. ബസിന്റെ മുൻഭാഗത്തെ സൈഡ് ഗ്ലാസ് അവശിഷ്ടംവീണ് തകർന്നു. വാതിലിന്റെ ഭാഗത്തും അവശിഷ്ടം വീണിരുന്നു. റോഡിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്ന സമയത്താണ് കോൺക്രീറ്റ് പാളി നിലംപൊത്തിയത്.

പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഷോപ്പിങ് കോംപ്ലക്സ്. ബലക്ഷയം സംഭവിച്ച് തകർച്ച തുടങ്ങിയിട്ട് കുറച്ചുകാലമായി.

ഇതിനുമുമ്പും കോൺക്രീറ്റ് പാളികൾ നിലംപൊത്തിയിട്ടുണ്ട്. അടർന്നുവീഴാവുന്ന അവസ്ഥയിൽ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ഇനിയുമുണ്ട്. സംഭവത്തെത്തുടർന്ന് മുനിസിപ്പാലിറ്റിയുടെ എൻജിനീയറിങ് വിഭാഗം കെട്ടിടം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തരമായി വേണ്ട അറ്റകുറ്റപണി ഉടൻ നടത്താനാണ് തീരുമാനം. പിന്നീട് ആവശ്യമെന്നുകണ്ടാൽ പൊളിച്ചുനീക്കി പുതിയ ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കണമെന്ന് ആവശ്യമുയർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375892/concrete-slab-falls-onto-road-major-disaster-averted)