---
title: "എറണാകുളത്ത് നിന്നും കാണാതായ 12 വയസുകാരിയെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി"
english_title: "Missing 12-year-old girl from Ernakulam found at Pune railway station."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375199/missing-12-year-old-girl-from-ernakulam-found-at-pune-railway-station"
published_at: "2026-07-28T19:51:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# എറണാകുളത്ത് നിന്നും കാണാതായ 12 വയസുകാരിയെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

> **Lead Summary:** കൊച്ചി: ആലുവയിൽ നിന്നും കാണാതായ 12 വയസുകാരിയെ കണ്ടെത്തി. മഹരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്.

## Article Content

കൊച്ചി: ആലുവയിൽ നിന്നും കാണാതായ 12 വയസുകാരിയെ കണ്ടെത്തി. മഹരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് കണ്ടെത്തിയത്.

പെൺകുട്ടിയോടൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ കരുമാലൂരിൽ നിന്നും ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിൽനിന്നും പുസ്‌തകം വാങ്ങിവരാം എന്നുപറഞ്ഞ് പോയ കുട്ടിയെ പിന്നീട് കണ്ടിട്ടില്ല.

തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. കുട്ടി വീട് വിട്ടുപോകുമ്പോൾ കൈവശം അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. എന്നാൽ അത് പിന്നീട് സ്വിച്ച് ഓഫായി. കാസർകോട് ആണ് അവസാനമായി ടവർ ലൊക്കേഷൻ കാണിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്.

പ്രതിയുടെ സുഹൃത്തിൻ്റെ ഫോണിൽ നിന്ന് നിരന്തരം സന്ദേശങ്ങൾ അയപ്പിച്ച് പ്രതിയെക്കൊണ്ട് ഫോൺ ഓൺ ചെയ്യിച്ചാണ് പൊലീസ് ലൊക്കേഷൻ കണ്ടെത്തിയത്. കേരള പൊലീസും ആർപിഎഫും സംയുക്തമായാണ് അന്വേഷണം നടത്തിയിരുന്നത്. നിസാമുദ്ദീൻ എക്സ്പ്രസിൽ ഇവർ പുനെയിലേക്ക് വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് താനെയിൽ നിന്ന് എത്തിയ പോലീസ് സംഘം പുനെ സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം ഏകദേശം നാല് മണിയോടെ ട്രെയിൻ എത്തിയപ്പോൾ, ജനറൽ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കുട്ടിയെയും യുവാവിനെയും പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375199/missing-12-year-old-girl-from-ernakulam-found-at-pune-railway-station)