---
title: "ഭക്ഷണം കഴിക്കുന്നതിനിടെ മുട്ട തൊണ്ടയിൽ കുടുങ്ങി ; സുഹൃത്തിന്റെ സമയോചിത ഇടപെടലിൽ യുവാവിന് പുനർജന്മം"
english_title: "Egg stuck in throat while eating; Young man revived after timely intervention of friend."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/375003/egg-stuck-in-throat-while-eating-young-man-revived-after-timely-intervention-of-friend"
published_at: "2026-07-27T21:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6782c81a146_1000693833.jpg"
keywords: []
---

# ഭക്ഷണം കഴിക്കുന്നതിനിടെ മുട്ട തൊണ്ടയിൽ കുടുങ്ങി ; സുഹൃത്തിന്റെ സമയോചിത ഇടപെടലിൽ യുവാവിന് പുനർജന്മം

> **Lead Summary:** എം ജി റോഡിലെ റെസ്റ്റോറൻ്റിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുട്ട തൊണ്ടയിൽ കുടുങ്ങിയ യുവാവിന്റെ ജീവൻ സുഹൃത്തിന്റെ സമയോചിത ഇടപെടൽ കൊണ്ട് രക്ഷപ്പെട്ടു.

## Article Content

എം ജി റോഡിലെ റെസ്റ്റോറൻ്റിൽ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുട്ട തൊണ്ടയിൽ കുടുങ്ങിയ യുവാവിന്റെ ജീവൻ സുഹൃത്തിന്റെ സമയോചിത ഇടപെടൽ കൊണ്ട് രക്ഷപ്പെട്ടു.

കൊല്ലം സ്വദേശി അനീഷിനാണ് അപകടം നേരിട്ടത്. ചോറിനൊപ്പം കഴിച്ച പുഴുങ്ങിയ മുട്ടയുടെ കഷ്ണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം ഉണ്ടാവുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനേഷിന്റെ അവബോധവും വേഗത്തിലുള്ള പ്രവർത്തിയുമാണ് അനീഷിൻ്റെ ജീവൻ രക്ഷിച്ചത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം ഇരുവരും റെസ്റ്റോറൻ്റിൽ എത്തി ഭക്ഷണം കഴിക്കാൻ തുടങ്ങി.

ആദ്യത്തെ കഷ്‌ണം മുട്ട കഴിച്ച ഉടൻ അനീഷിന് സംസാരിക്കാനാവാതെയും ശ്വാസം മുട്ടിയും വന്നു. കാര്യം ആംഗ്യത്തിലൂടെ മനസ്സിലാക്കിയ മനേഷ് ഉടൻ തന്നെ അനീഷിനെ എഴുന്നേൽപ്പിച്ചു കുനിച്ചു നിർത്തി. തുടർന്ന് പുറത്ത് ശക്തമായി അടിക്കാൻ തുടങ്ങി.ജീവനക്കാരും റെസ്റ്റോറന്റ്റ് ഉടമയും ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് സഹായിച്ചു.

> തുടർച്ചയായ ശ്രമങ്ങൾക്കൊടുവിൽ മുട്ടയുടെ കഷ്‌ണം പുറത്തേക്ക് വരികയും അനീഷ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്തതിനാൽ അനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നില്ല. "ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് എല്ലാവരും അറിയണം" എന്ന സന്ദേശം നൽകാനാണ് ദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് മനേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/375003/egg-stuck-in-throat-while-eating-young-man-revived-after-timely-intervention-of-friend)