---
title: "ലഹരി വേട്ട ; എറണാകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Drug bust: Two youths arrested with MDMA in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374895/drug-bust-two-youths-arrested-with-mdma-in-ernakulam"
published_at: "2026-07-27T13:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a670cbb80728_1000693327.jpg"
keywords: []
---

# ലഹരി വേട്ട ; എറണാകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** കൊച്ചി : എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ‌് ചെയ്തുതു.

## Article Content

കൊച്ചി : എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ‌് ചെയ്തുതു.

കൊച്ചി നഗരത്തിലെ നിരവധി ലഹരി കേസുകളിലെ പ്രതി തൃക്കാക്കര വിദ്യാനഗർ റോഡ് എട്ടുകാലിൽ വീട്ടിൽ ഉനൈസ് (34), ഒറ്റപ്പാലം സ്വദേശി സയീദ് സാബിഖ് (27) എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.

പടമുകൾ പാലച്ചുവട് റോഡിന് സമീപത്ത് ഫ്ലാറ്റിൽനിന്നാണ് ഉനൈസിനെ കസ്‌റ്റഡിയിലെടുത്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഫ്ലാസ്‌കിൽ ഒളിപ്പിച്ചനിലയിൽ 11.510 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ ജയിലിൽനിന്നിറങ്ങിയിട്ട് 20 ദിവസമേ ആയിട്ടുള്ളൂ. ഹിൽപാലസ് സ്റ്റേഷനിലെ എംഡിഎംഎ കേസിലാണ് ജയിലിലായത്.

മയക്കുമരുന്നു കേസുകളിൽ സ്ഥിരം കുറ്റവാളിയായ ഉനൈസിനെ ഒരുവർഷം കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള അപേക്ഷ സമർപ്പിച്ച് തീരുമാനത്തിന് കാക്കുകയാണ് പൊലീസ്. ഇതിനിടയിലാണ് വീണ്ടും എംഡിഎംഎയുമായി അറസ്‌റ്റിലായത്.

നഗരം കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന. ബംഗളൂരുവിൽനിന്നാണ് എംഡിഎംഎ എത്തിക്കുന്നത്. ഇയാളുടെ സംഘത്തിൽ യുവതികൾ ഉൾപ്പെടെയുണ്ട്. ഇവർക്കായും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാക്കനാട് കളങ്ങാട്ട് റോഡിന് സമീപത്തുനിന്നാണ് സയീദ് സാബിഖിനെ പിടികൂടിയത്.

ഓൺലൈൻ ടാക്‌സി ഡ്രൈവറാണിയാൾ. കാറിൽ ഒളിപ്പിച്ചനിലയിലായിരുന്നു 4.650 ഗ്രാം എംഡിഎംഎ. വാഹനവും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമീഷണർ ടി ഡി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374895/drug-bust-two-youths-arrested-with-mdma-in-ernakulam)