പിറവം : (piravomnews.in) പിറവം സർക്കാർ ആയുർവേദ ആശുപത്രിയിൽ ഭിന്നശേഷി വിഭാഗത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുകയും വർഷങ്ങളായി നടത്തിവന്നിരുന്ന നീതി സ്റ്റോറിന്റെ നടത്തിപ്പ് അവകാശം ജനറൽ വിഭാഗത്തിന് കൈമാറാനുള്ള നഗരസഭയുടെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെയും (HMC) അന്യായമായ നീക്കത്തിനെതിരെ പിറവം നഗരസഭാ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ ശക്തമായി പ്രതിഷേധിച്ചു.
ഭിന്നശേഷിവിഭാഗത്തിനുള്ള ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച സ്റ്റോറിന്റെ നിലവിലെ നടത്തിപ്പ് കാലാവധി ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ്, ഇത് അവരിൽ നിന്നും മാറ്റി പൊതുവിഭാഗത്തിന് നൽകാൻ ഭരണസമിതി നീക്കം നടത്തുന്നത്.
ഇന്ന് കൗൺസിൽ യോഗത്തിൽ 11-ാം നമ്പർ അജണ്ടയായി ഉൾപ്പെടുത്തിയ ഈ വിഷയം യാതൊരുവിധ ചർച്ചയ്ക്കും വിധേയമാക്കാതെയാണ് ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തത്. വർഷങ്ങളായി തുടർന്ന് വന്നിരുന്ന രീതി മാറ്റി ജനറൽ വിഭാഗത്തിന് നൽകുന്നത് തികച്ചും അനീതിയാണെന്നും ഭരണസമിതിയുടെ ഈ നീക്കം സ്വജനപക്ഷപാതവും അഴിമതി നടത്താനുള്ള അവസരവുമായാണ് കാണുന്നതെന്നും എൽ ഡി എഫ് കൗൺസിലർമാർ ആരോപിച്ചു.
2026 ജൂൺ 10 ന് എച്ച്.എം.സി യോഗത്തിലെ തീരുമാനം നമ്പർ 13 അടിയന്തരമായി റദ്ദാക്കണമെന്നും, മുൻഗണനാക്രമത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അർഹരായ വ്യക്തികൾക്ക് ഭരണഘടനാപരമായി തന്നെ സ്റ്റോറിന്റെ നടത്തിപ്പ് അവകാശം തുടർന്നും നൽകണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു. വിഷയം കൗൺസിലിൽ വിയോജിപ്പോടെ രേഖപ്പെടുത്തിയ അംഗങ്ങൾ, ഭിന്നശേഷിക്കാരുടെ അവകാശം സംരക്ഷിക്കാൻ നഗരസഭ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകി. കൗൺസിലർമാരായ
അഡ്വ. ജൂലി സാബു, ആതിര ഐ. ടി, ക്രിസ്റ്റി ജോൺ, ഏലിയാമ്മ ജോമോൻ എന്നിവർ കൗൺസിൽ യോഗത്തിൽ പ്രതിഷേധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തി.
Content Highlight: Government: Ayurveda Hospital's disabled reservation store transferred to general category; LDF alleges corruption.









































