---
title: "എറണാകുളത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; കൈക്ക് പരിക്കേറ്റ് ഭർത്താവ് ആശുപത്രിയിൽ , ദുരൂഹത"
english_title: "Housewife found stabbed to death inside house in Ernakulam; husband hospitalized with hand injuries, mystery."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374227/housewife-found-stabbed-to-death-inside-house-in-ernakulam-husband-hospitalized-with-hand-injuries-mystery"
published_at: "2026-07-24T06:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ce1b5e5a6_CRIME.jpg"
keywords: []
---

# എറണാകുളത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; കൈക്ക് പരിക്കേറ്റ് ഭർത്താവ് ആശുപത്രിയിൽ , ദുരൂഹത

> **Lead Summary:** എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനി ബിജു (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.

വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കിടന്ന സിനിയെ ബന്ധുക്കളാണ് ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം കോതമംഗലം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ സിനിയുടെ ഭർത്താവ് ബിജുവിന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരികയാണ്.കൊലപാതകത്തിൽ അടിമുടി ദുരൂഹതയുണ്ടെന്ന് കോതമംഗലം പൊലീസ് അറിയിച്ചു. സിനിയെ ഭർത്താവ് ബിജു തന്നെ വെട്ടിക്കൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ സംഭവത്തിൻ്റെ കൃത്യമായ കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.കുടുംബ വഴക്കാണോ കൊലപാതകത്തിന് കാരണമെന്നും മറ്റ് ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഉൾപ്പെടെ വിവിധ കോണുകളിൽ നിന്നും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വീടിനുള്ളിൽ നിന്ന് കണ്ടെടുത്ത ആയുധവും മറ്റ് തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.സിനിയും ബിജുവും കോളനിയിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവർക്ക് കുട്ടികളില്ല. സമാധാനപരമായ ജീവിതമായിരുന്നു നയിച്ചിരുന്നതെന്ന് അയൽവാസികൾ പറയുന്നു.

എന്നാൽ സമീപകാലത്ത് ഇരുവരും തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374227/housewife-found-stabbed-to-death-inside-house-in-ernakulam-husband-hospitalized-with-hand-injuries-mystery)