---
title: "കാട്ടുപോത്തിന്റെ ആക്രമണം : സ്കൂളിലേക്ക് പോയ 8 വയസുകാരന് ഗുരുതര പരിക്ക്"
english_title: "Wild buffalo attack: 8-year-old boy seriously injured on way to school."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374131/wild-buffalo-attack-8-year-old-boy-seriously-injured-on-way-to-school"
published_at: "2026-07-23T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61e3d5b255b_1000688866.png"
keywords: []
---

# കാട്ടുപോത്തിന്റെ ആക്രമണം : സ്കൂളിലേക്ക് പോയ 8 വയസുകാരന് ഗുരുതര പരിക്ക്

> **Lead Summary:**  ഇടുക്കി : മറയൂരിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് 8 വയസുകാരനെ ആക്രമിച്ചു.

## Article Content

 ഇടുക്കി : മറയൂരിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് 8 വയസുകാരനെ ആക്രമിച്ചു.

രാവിലെ സ്കൂളിലേക്ക് പോകാൻ വാഹനത്തിനായി കാത്തുനിന്ന പള്ളനാട് സ്വദേശി കാർത്തിക്കിനാണ് പരിക്കേറ്റത്. ഓടിയെത്തിയ കാട്ടുപോത്ത് കുട്ടിയെ കുത്തിയെടുത്ത് എറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ആക്രമണത്തിന് ശേഷം കാട്ടുപോത്ത് ജനവാസ മേഖലയിലൂടെ ഓടി. വഴിയിൽ കണ്ട 2 വാഹനങ്ങളും തകർത്തു.

സാരമായി പരിക്കേറ്റ കാർത്തിക്കിനെ ആദ്യം മറയൂർ  പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മൂന്നാർ-മറയൂർ സംസ്ഥാന പാത ഉപരോധിച്ചു. മേഖലയിൽ നിരന്തരം ഭീതി സൃഷ്ടിക്കുന്ന കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി മാറ്റണമെന്നായിരുന്നു ആവശ്യം.

മുമ്പും ഈ പ്രദേശത്ത് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിട്ടും അധികൃതർ ഉറപ്പുകൾ പാലിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മണിക്കൂറുകൾ നീണ്ട ഉപരോധത്തിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ചർച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നിലവിൽ കാട്ടുപോത്ത് വനത്തിലേക്ക് കയറിപ്പോയതായാണ് വനംവകുപ്പിന്റെ നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374131/wild-buffalo-attack-8-year-old-boy-seriously-injured-on-way-to-school)