---
title: "ആശുപത്രിയിൽ നായ്ക്കളുടെ വിളയാട്ടം: രോഗിയുടെ കുടുംബത്തെയും ജീവനക്കാരെയും ആക്രമിച്ചു"
english_title: "Dogs attack hospital: Patient's family and staff attacked."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/374022/dogs-attack-hospital-patients-family-and-staff-attacked"
published_at: "2026-07-23T07:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6950eec0c17f1_dogss.jpg"
keywords: []
---

# ആശുപത്രിയിൽ നായ്ക്കളുടെ വിളയാട്ടം: രോഗിയുടെ കുടുംബത്തെയും ജീവനക്കാരെയും ആക്രമിച്ചു

> **Lead Summary:** കൊച്ചി: കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു.

## Article Content

കൊച്ചി: കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു.

ചികിത്സയ്ക്കെത്തുന്നവർക്കും ജീവനക്കാർക്കും പുറത്തിറങ്ങാൻ പോലും പേടിയാകുന്ന സ്ഥിതിയാണ്.

ഇന്ന് രാവിലെ 10 മണിക്ക് മകനെ ഡോക്ടറെ കാണിക്കാൻ എത്തിയ മുണ്ടംവേലി സ്വദേശി ലീന 50ന്റെ കാലിൽ നായ കടിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആശുപത്രി ജീവനക്കാരനെയും നായ ആക്രമിച്ചിരുന്നു. ഏതാനും മാസം മുൻപ് നഴ്സിനുനേരെയും ആക്രമണം ഉണ്ടായി.

ആശുപത്രി വളപ്പിലും പരിസരത്തും പത്തിലേറെ നായകളുണ്ട്. രോഗിയുമായി എത്തിയ ആംബുലൻസിനുനേരെ നായക്കൂട്ടം ഓടിയെത്തി ഭീതി സൃഷ്ടിച്ചു. സുരക്ഷാ ജീവനക്കാരും കൂട്ടിരിപ്പുകാരും ചേർന്ന് നായകളെ ഓടിച്ച ശേഷമാണ് രോഗിയെ ആംബുലൻസിൽ നിന്ന് ഇറക്കിയത്.

വാർഡിനകത്തേക്ക് പോലും നായകൾ കയറിയിറങ്ങുന്നതായി രോഗികളും ബന്ധുക്കളും പറയുന്നു. ആശുപത്രി പരിസരം മുഴുവൻ കാടുപിടിച്ച നിലയിലാണ്.

തെരുവുനായ്ക്കളുടെ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ കൊച്ചി മണ്ഡലം കമ്മിറ്റി മട്ടാഞ്ചേരി മേഖലാ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം സെക്രട്ടറി എം കെ അബ്ദുൾ ജലീൽ ഉദ്ഘാടനം ചെയ്തു. എം ഉമ്മർ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/374022/dogs-attack-hospital-patients-family-and-staff-attacked)