---
title: "ഏക മകൻ അകാലത്തിൽ പൊലിഞ്ഞു ; മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി"
english_title: "Their only son died prematurely; the couple committed suicide in mental anguish."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373998/their-only-son-died-prematurely-the-couple-committed-suicide-in-mental-anguish"
published_at: "2026-07-22T20:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60de8d43dbd_1000688077.png"
keywords: []
---

# ഏക മകൻ അകാലത്തിൽ പൊലിഞ്ഞു ; മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി

> **Lead Summary:** കൊച്ചി: ഏക മകൻ അകാലത്തിൽ പൊലിഞ്ഞതിൻ്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി.

## Article Content

കൊച്ചി: ഏക മകൻ അകാലത്തിൽ പൊലിഞ്ഞതിൻ്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കി.

വൈപ്പിൻ ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിൽ ആശുപത്രിക്ക് വടക്കുവശം കളത്തിപ്പറമ്പിൽ സഞ്ജീവ് (70) ഭാര്യ സബിത (60) എന്നിവരെയാണ് വീടിന്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞാറയ്ക്കൽ പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

നേരത്തെ വിദേശത്തായിരുന്ന സഞ്ജീവ് മടങ്ങിയെത്തിയതിനു ശേഷം മഞ്ഞക്കാട് മറയിൽ മറൈൻ വർക്ഷോപ്പ് നടത്തുകയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു സബിത. ഏതാനും വർഷങ്ങൾ മുൻപാണ് വിരമിച്ചത്. ഇവരുടെ ഏക മകൻ സിജോയ് ഏതാനും വർഷം മുമ്പ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു. ഒരു വർഷം മുൻപ് കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷമാണ് ഇരുവരും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്.

അന്നു മുതൽ സഹോദരൻ എല്ലാ ദിവസവും സഞ്ജീവിനോട് വിവരങ്ങൾ അന്വേഷിക്കുമായിരുന്നു. ഇതിനിടെയാണ്, ഇന്ന് രാവിലെ ഒൻപത് മണിയോടെ വീട്ടിൽ എത്തണമെന്ന് സഞ്ജീവ് സഹോദരനെ വിളിച്ച് പറഞ്ഞത്. സഹോദരൻ രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് അയൽവാസി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373998/their-only-son-died-prematurely-the-couple-committed-suicide-in-mental-anguish)