---
title: "ക്രൂരത ; ഭാര്യയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു , ഒരു കൈ അറ്റുപോയി , പ്രതി അറസ്റ്റിൽ "
english_title: "Brutality; Attacked his wife with a machete, one hand was severed, accused arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373981/brutality-attacked-his-wife-with-a-machete-one-hand-was-severed-accused-arrested"
published_at: "2026-07-22T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60c1a2ef9a7_1000687904.jpg"
keywords: []
---

# ക്രൂരത ; ഭാര്യയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു , ഒരു കൈ അറ്റുപോയി , പ്രതി അറസ്റ്റിൽ 

> **Lead Summary:** തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ക്രൂരമായ ആക്രമണം.

## Article Content

തിരുവനന്തപുരം: കടയ്ക്കാവൂരിൽ നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ക്രൂരമായ ആക്രമണം.

രണ്ടാം ഭർത്താവാണ് വെട്ടുകത്തി കൊണ്ട് ആക്രമിച്ചത്. കടയ്ക്കാവൂർ ചാവടിമുക്ക് സ്വദേശി വിജിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കോട്ടയത്ത് ജോലി ചെയ്യുന്ന വിജി നാട്ടിലെത്തിയ ശേഷം ഭർത്താവ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പിലെത്തി. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

പ്രകോപിതനായ ഭർത്താവ് വർക്ക്ഷോപ്പിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി എടുത്ത് വിജിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ തലക്കും രണ്ട് കൈകൾക്കും വെട്ടേറ്റു. ഒരുകൈ പൂർണമായും അറ്റുപോയതായാണ് വിവരം.

രക്തത്തിൽ കുളിച്ചു വീണ വിജിയെ ഉടൻ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. യുവതി വിദഗ്ധ ചികിത്സയിൽ തുടരുകയാണ്.

സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അനുവിനെ നാട്ടുകാരുടെ സഹായത്തോടെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

*ഒരു വർഷം മുൻപും ആക്രമണം*

പ്രതി ഒരു വർഷം മുൻപും വിജിയെ ആക്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടർച്ചയായുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് ഇത്തരത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373981/brutality-attacked-his-wife-with-a-machete-one-hand-was-severed-accused-arrested)