---
title: "സാമ്പത്തിക പ്രതിസന്ധി; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു"
english_title: "Financial crisis; Young man commits suicide after killing wife and two daughters."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373847/financial-crisis-young-man-commits-suicide-after-killing-wife-and-two-daughters"
published_at: "2026-07-22T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a603a90c024e_1000687136.jpg"
keywords: []
---

# സാമ്പത്തിക പ്രതിസന്ധി; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

> **Lead Summary:** സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നുണ്ടായ ദാരുണ സംഭവം. മൈസൂരു ജില്ലയിലെ ഹുൻസൂരിൽ യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തു. ഹുൻസൂരിലെ ന്യൂ മാരുതി ലേഔട്ടിലുള്ള വസതിയിലാണ് സംഭവം.

## Article Content

സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നുണ്ടായ ദാരുണ സംഭവം. മൈസൂരു ജില്ലയിലെ ഹുൻസൂരിൽ യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തു. ഹുൻസൂരിലെ ന്യൂ മാരുതി ലേഔട്ടിലുള്ള വസതിയിലാണ് സംഭവം.

ഹരീഷ് (39), ഭാര്യ നിശ്ചിത (37), മക്കളായ നക്ഷ (14), രക്ഷ (8) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്.ഹരീഷ് ആദ്യം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാവാമെന്നാണ് മൈസൂർ ജില്ലാ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി നൽകുന്ന പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഇൻഷുറൻസ് കമ്പനിയുടെ വാഹന വീണ്ടെടുക്കൽ വിഭാഗത്തിൽ ജോലി ചെയ്‌തുവരികയായിരുന്നു ഹരീഷ്. കുറച്ചുകാലമായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.

സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ മാതാവിനെ അവരുടെ വീട്ടിലേക്ക് അയച്ചിരുന്നു.വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ കുടുംബത്തിൻ്റെ ഏക വീട് പണയപ്പെടുത്തിയിരിക്കുകയാണെന്നും കടുത്ത സാമ്പത്തിക നഷ്ടം നേരിടുന്നതായും ഹരീഷ് എഴുതിയിട്ടുണ്ട്. ഈ പ്രതിസന്ധികളിൽ നിന്ന് പുറത്തുകടക്കാൻ മാർഗമില്ലാത്തതിനാലാണ് ഈ കടുത്ത തീരുമാനം എടുത്തതെന്നും കുറിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373847/financial-crisis-young-man-commits-suicide-after-killing-wife-and-two-daughters)