---
title: "മൃതദേഹത്തിൽ താലി ചാർത്തണം; ആത്മഹത്യ ചെയ്‌ത യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടിൽ"
english_title: "A thalli should be placed on the body; Relatives bring the body of a woman who committed suicide to her boyfriend's house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/373097/a-thalli-should-be-placed-on-the-body-relatives-bring-the-body-of-a-woman-who-committed-suicide-to-her-boyfriends-house"
published_at: "2026-07-18T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5af1b1ba922_1000372394.png"
keywords: []
---

# മൃതദേഹത്തിൽ താലി ചാർത്തണം; ആത്മഹത്യ ചെയ്‌ത യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടിൽ

> **Lead Summary:** വിജയവാഡ: മുംബൈയിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ ആന്ധ്രപ്രദേശിലുള്ള കാമുകന്റെ വീട്ടിലെത്തി.

## Article Content

വിജയവാഡ: മുംബൈയിൽ ആത്മഹത്യ ചെയ്ത സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ ആന്ധ്രപ്രദേശിലുള്ള കാമുകന്റെ വീട്ടിലെത്തി.

ഗുണ്ടൂർ സ്വദേശിനിയായ അദ്ദഗല്ല കീർത്തി (24) എന്ന യുവതിയുടെ മൃതദേഹവുമായാണ് ബന്ധുക്കൾ കാമുകൻ സായ് സുമന്തിന്റെ പൊണ്ടുരു ഗ്രാമത്തിലെ വീട്ടുപടിക്കൽ എത്തിയത്.

അന്ത്യകർമങ്ങൾക്ക് മുൻപ് സായ് സുമന്ത് യുവതിയുടെ മൃതദേഹത്തിൽ താലി ചാർത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. മൃതദേഹം കാമുകന്റെ വീട്ടിലെത്തിച്ചതിനെ തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ കനത്ത സംഘർഷമുണ്ടായി. കീർത്തിയും സായ് സുമന്തും കഴിഞ്ഞ എട്ട് വർഷമായി പ്രണയത്തിലായിരുന്നു. ഓൺലൈൻ വഴി പരിചയപ്പെട്ട ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ സായ് സുമന്ത് പിന്നീട് വിവാഹ വാഗ്‌ദാനത്തിൽ നിന്ന് പിന്മാറിയതായി കീർത്തിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ഇതിൽ മനംനൊന്ത് കീർത്തി മുംബൈയിലെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. തന്റെ മരണശേഷം മൃതദേഹം സുമന്തിന്റെ ജന്മനാടായ പൊണ്ടുരുവിൽ സംസ്കരിക്കണമെന്നത് കീർത്തിയുടെ അവസാന ആഗ്രഹമായിരുന്നു. ഇതേത്തുടർന്നാണ് ബന്ധുക്കൾ മുംബൈയിൽ നിന്ന് മൃതദേഹം ഇവിടെയെത്തിച്ചത്.

സംഭവം നടക്കുമ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന സായ് സുമന്ത് വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ നാട്ടിലേക്ക് വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ട് കീർത്തിയുടെ ബന്ധുക്കൾ വീടിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചതോടെയാണ് കുടുംബങ്ങൾ തമ്മിൽ തർക്കം രൂക്ഷമായത്.

ഒടുവിൽ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി അന്തരീക്ഷം ശാന്തമാക്കി. നീണ്ട ചർച്ചകൾക്കൊടുവിൽ, കീർത്തിയുടെ അവസാന ആഗ്രഹപ്രകാരം മൃതദേഹം സായ് സുമന്തിന്റെ ഗ്രാമത്തിൽ തന്നെ സംസ്‌കരിക്കാൻ ഇരു കുടുംബങ്ങളും സമ്മതിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/373097/a-thalli-should-be-placed-on-the-body-relatives-bring-the-body-of-a-woman-who-committed-suicide-to-her-boyfriends-house)