---
title: "തെരുവുനായ ആക്രമണം ; വിദ്യാർത്ഥികളടക്കം എട്ട് പേർക്ക് കടിയേറ്റു"
english_title: "Stray dog ​​attack; Eight people, including students, bitten."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372862/stray-dog-attack-eight-people-including-students-bitten"
published_at: "2026-07-17T09:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6950eec0c17f1_dogss.jpg"
keywords: []
---

# തെരുവുനായ ആക്രമണം ; വിദ്യാർത്ഥികളടക്കം എട്ട് പേർക്ക് കടിയേറ്റു

> **Lead Summary:** വൈപ്പിൻ : എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് ഭാഗത്ത് എട്ടുപേരെ തെരുവുനായ കടിച്ചു.

## Article Content

വൈപ്പിൻ : എളങ്കുന്നപ്പുഴ പഞ്ചായത്തിലെ പുതുവൈപ്പ് ഭാഗത്ത് എട്ടുപേരെ തെരുവുനായ കടിച്ചു.

എറണാകുളം ലൂർദ് ആശുപത്രിയിലെ നേഴ്സ്, അക്കൗണ്ടന്റ്, മെഡിക്കൽ കോളേജിലെ നേഴ്സിങ് വിദ്യാർഥിനി, സ്കൂൾ വിദ്യാർഥികൾ, പാൽ വിതരണക്കാരൻ എന്നിവരെയാണ് കടിച്ചത്.

വ്യാഴം രാവിലെ ഓച്ചന്തുരുത്ത് കാർത്തികേയ ക്ഷേത്രത്തിന് സമീപമാണ് തെരുവുനായ ആക്രമണമുണ്ടായത്. അഞ്ചാംക്ലാസ് വിദ്യാർഥി ചക്കാലപാടത്ത് ആരോണിനെ എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവന്നേക്കും. മറ്റുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവയ്‌പ് നൽകി. നായയെ ആരോഗ്യവിഭാഗം പിടികൂടി. ബുധൻ വൈകിട്ട് അമ്മയ്ക്കൊപ്പം പോകുകയായിരുന്ന അഞ്ചുവയസ്സുകാരനേയും നായ ആക്രമിച്ചിരുന്നു.

പഞ്ചായത്തിൽ തെരുവുനായകൾക്കായി ഷെൽട്ടർ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങൾ ആറുമാസംമുന്‌പ് തീരുമാനിച്ചതാണെന്നും യുഡിഎഫ് ഭരണസമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് കെ എസ് രാധാകൃഷ്ണ‌ൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372862/stray-dog-attack-eight-people-including-students-bitten)