---
title: "വിവാഹം കഴിഞ്ഞതാണെന്നറിഞ്ഞതോടെ പ്രണയത്തിൽ നിന്ന് പിന്മാറി; 22കാരിയെ മുൻ കാമുകൻ സഹോദരൻ കുത്തിക്കൊന്നു"
english_title: "22-year-old woman stabbed to death by ex-boyfriend's brother after he withdrew from love after learning she was married."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372738/22-year-old-woman-stabbed-to-death-by-ex-boyfriends-brother-after-he-withdrew-from-love-after-learning-she-was-married"
published_at: "2026-07-16T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58961d8eb3a_1000680229.jpg"
keywords: []
---

# വിവാഹം കഴിഞ്ഞതാണെന്നറിഞ്ഞതോടെ പ്രണയത്തിൽ നിന്ന് പിന്മാറി; 22കാരിയെ മുൻ കാമുകൻ സഹോദരൻ കുത്തിക്കൊന്നു

> **Lead Summary:** ബെംഗളൂരു: കാമുകന് മുൻപ് വിവാഹം കഴിഞ്ഞതാണെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് പ്രണയബന്ധം അവസാനിപ്പിച്ച നിയമവിദ്യാർത്ഥിനിയെ യുവാവിൻ്റെ സഹോദരൻ കുത്തിക്കൊന്നു.

## Article Content

ബെംഗളൂരു: കാമുകന് മുൻപ് വിവാഹം കഴിഞ്ഞതാണെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് പ്രണയബന്ധം അവസാനിപ്പിച്ച നിയമവിദ്യാർത്ഥിനിയെ യുവാവിൻ്റെ സഹോദരൻ കുത്തിക്കൊന്നു.

ബെംഗളൂരു സ്വദേശിയായ അമൃത (22) എന്ന നാലാം വർഷ ലോ വിദ്യാർത്ഥിനിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് 48 മണിക്കൂറിലധികം ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

സംഭവവുമായി ബന്ധപ്പെട്ട് അമൃതയുടെ മുൻ കാമുകനായ ധനുഷ്, ഇയാളുടെ ഇളയ സഹോദരൻ സൂര്യ എന്നിവരെ ജെ ബി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഹാല് റോഡിനടുത്തുള്ള കോടിഹള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്. ഒരേ പ്രദേശത്ത് താമസിക്കുന്നവരായ അമൃതയും ധനുഷും തമ്മിൽ ദീർഘനാളായി സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി.

എന്നാൽ, അടുത്തിടെയാണ് ധനുഷിന് മുൻപ് വിവാഹം കഴിഞ്ഞതാണെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നുമുള്ള വിവരം അമൃത അറിയുന്നത്. ഈ വിവരം മറച്ചുവെച്ചതിൽ വഞ്ചിക്കപ്പെട്ടതായി തോന്നിയ അമൃത, ധനുഷുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിക്കുകയും അയാളിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു‌.

തന്റെ സഹോദരൻ്റെ പ്രണയം നിരസിച്ചതിലും ബന്ധം തകർത്തതിലും ധനുഷിന്റെ അനിയനായ സൂര്യ കടുത്ത അമർഷത്തിലായിരുന്നു. അമൃതയെ ഇതിന് വെറുതെ വിടില്ലെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ ജൂലൈ 13-ന് വൈകിട്ട് അമൃതയുടെ വീട്ടിലെത്തിയ സൂര്യ അവിടെ വെച്ച് തർക്കത്തിൽ ഏർപ്പെടുകയും, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമൃതയുടെ നെഞ്ചിലും മുതുകിലും മാരകമായി കുത്തുകയുമായിരുന്നു.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാരാണ് പിടികൂടി പോലീസിലേൽപ്പിച്ചത്. ക്തത്തിൽ കുളിച്ചുകിടന്ന അമൃതയെ ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആന്തരിക അവയവങ്ങൾക്കേറ്റ കടുത്ത പരിക്ക് മൂലം ജൂലൈ 15 വൈകിട്ടോടെ ജീവൻ നഷ്‌ടപ്പെടുകയായിരുന്നു.

പ്രതികളായ ധനുഷിനും സൂര്യയ്ക്കുമെതിരെ വധശ്രമത്തിന് രജിസ്റ്റർ ചെയ്‌തിരുന്ന കേസ്, യുവതിയുടെ മരണത്തെ തുടർന്ന് കൊലക്കുറ്റമായി പൊലീസ് മാറ്റിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുതു വരികയാണെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372738/22-year-old-woman-stabbed-to-death-by-ex-boyfriends-brother-after-he-withdrew-from-love-after-learning-she-was-married)