---
title: "45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "45-year-old man found dead in well in home yard."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372589/45-year-old-man-found-dead-in-well-in-home-yard"
published_at: "2026-07-15T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5786ef37669_1000679192.jpg"
keywords: []
---

# 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം : 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

തിരുവനന്തപുരം : 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

തോട്ടുമുക്കം സ്വദേശിയായ സുരേഷ് ആണ് മരിച്ചത്. ദിവസങ്ങളായി സുരേഷിനെ കാണാതായതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പിലെ കിണറ്റിൽ ഒരാളുടെ മൃതദേഹം കിടക്കുന്നത് കണ്ടത്.വിവരമറിഞ്ഞ് ഉടൻ തന്നെ ഇടവ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തു.

പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. തുടർ നടപടികളുടെ ഭാഗമായി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാനാകൂ.

മരണം അപകടമാണോ, ആത്മഹത്യയാണോ അതോ മറ്റേതെങ്കിലും ദുരൂഹ സാഹചര്യമുണ്ടോ എന്നതുൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സുരേഷിന്റെ ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372589/45-year-old-man-found-dead-in-well-in-home-yard)