---
title: "ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ചു ; മൂന്നു യുവാക്കൾ അറസ്റ്റിൽ"
english_title: "Three youths arrested for stealing luxury bike worth lakhs."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372491/three-youths-arrested-for-stealing-luxury-bike-worth-lakhs"
published_at: "2026-07-15T12:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a572ff00fcdf_1000678503.jpg"
keywords: []
---

# ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ചു ; മൂന്നു യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** കൂത്താട്ടുകുളം : ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കളെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

കൂത്താട്ടുകുളം : ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കളെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.

പൊന്നാനി പണിക്കവീട്ടിൽ പി ബി മുഹമ്മദ് ഷഹൽ (19), പാലക്കാട് ഊരിപ്പറമ്പിൽ ജിബിൻ ബെൻഷാദ് (24), പട്ടാമ്പി തട്ടാരത്തൊട്ടിയിൽ ടി കെ ആഷിഫ് (18) എന്നിവരാണ് പിടിയിലായത്. ഇവർ മുന്‌പും നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

പത്തിന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വടക്കൻ പാലക്കുഴ ഭാഗത്ത് ആനന്ദ് ഭവൻ ഹോട്ടലിനുമുകളിൽ വാടകയ്ക്ക് താമസിക്കുന്ന ആറൂർ ഭാരത് ബെൻസ് സ്ഥാപനത്തിലെ ജീവനക്കാരന്റെ ബൈക്കാണ് പ്രതികൾ മോഷ്ട‌ിച്ചത്.

പൊലീസ് അന്വേഷണത്തിൽ കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂലവട്ടം ഭാഗത്ത് നമ്പർപ്ലേറ്റ് അഴിച്ചുമാറ്റിയനിലയിൽ ആഡംബര ബൈക്ക് പൊലീസ് കണ്ടെത്തി. തുടരന്വേഷണത്തിൽ ഒന്നാംപ്രതി മുഹമ്മദ് ഷഹലിനെ പിടികൂടി. ഇയാളെ ചോദ്യംചെയ്ത‌തിൽനിന്നാണ് കൂട്ടുപ്രതികൾ പിടിയിലായത്. രണ്ടാംപ്രതി ജിബിൻ ബെൻഷാദ് സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു.

ഇയാൾക്കെതിരെ തൃത്താല, ഇൻഫോപാർക്ക്, വാളാഞ്ചേരി, ഷൊർണൂർ, പെരുമ്പാവൂർ, കാടാമ്പുഴ തുടങ്ങിയ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒന്പതോളം കേസുകൾ നിലവിലുണ്ട്. മൂന്നാംപ്രതിയായ ആഷിഫിനെതിരെ തൃത്താല പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372491/three-youths-arrested-for-stealing-luxury-bike-worth-lakhs)