---
title: "മാലിന്യം ശേഖരിച്ചതിന്റെ പണം ചോദിച്ചു ; ഹരിതകർമസേനാംഗത്തിന് ക്രൂരമർദ്ദനം"
english_title: "Harithakarmasena member brutally tortured after being asked to pay for garbage collection."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372458/harithakarmasena-member-brutally-tortured-after-being-asked-to-pay-for-garbage-collection"
published_at: "2026-07-15T09:55:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a570c481f4db_1000678545.jpg"
keywords: []
---

# മാലിന്യം ശേഖരിച്ചതിന്റെ പണം ചോദിച്ചു ; ഹരിതകർമസേനാംഗത്തിന് ക്രൂരമർദ്ദനം

> **Lead Summary:** കൊച്ചി : മാലിന്യം ശേഖരിച്ചതിൻ്റെ പണം ചോദിച്ച ഹരിതകർമ സേനാംഗമായ യുവാവിന് ക്രൂരമർദനം.

## Article Content

കൊച്ചി : മാലിന്യം ശേഖരിച്ചതിൻ്റെ പണം ചോദിച്ച ഹരിതകർമ സേനാംഗമായ യുവാവിന് ക്രൂരമർദനം.

കലൂർ ഫ്രീഡം റോഡ് ചെട്ടിപ്പറമ്പിൽ ലെയ്ന‌ിലെ വീട്ടിൽ തിങ്കൾ രാവിലെ 10.30നാണ് സംഭവം. വടുതല കാവുംപറത്തുകുടി വീട്ടിൽ സിജോ ചന്ദ്രനെയാണ് കൊല്ലം സ്വദേശി ഷാജഹാൻ ക്രൂരമായി മർദിച്ചത്. സിജോ എറണാകുളം നോർത്ത് സ്റ്റേഷനിൽ തിങ്കളാഴ്ചതന്നെ പരാതി നൽകിയിട്ടും കേസെടുത്തിട്ടില്ല. ഷാജഹാൻ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നിലപാടിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മാലിന്യം ശേഖരിക്കുന്നതിന് ഒരു വീട്ടിൽനിന്ന് മാസം 200 രൂപയാണ് വാങ്ങുന്നത്. സിജോയും ഭാര്യ കൗസല്യയും ഇതുവാങ്ങാനാണ് ചെട്ടിപ്പറമ്പിൽ ലെയ്നിലെത്തിയത്. ഇരുനില വീടിന്റെ മുകൾനിലയിലാണ് ഷാജഹാൻ താമസിക്കുന്നത്. താഴത്തെനിലയിൽ താമസിക്കുന്നവർ ഈ മാസം രണ്ടുതവണ എത്തിയപ്പോഴും പണം നൽകിയിരുന്നില്ല. കൗസല്യയാണ് പണം ചോദിക്കാൻ ചെന്നത്. പലതവണ ചോദിച്ചെങ്കിലും ആദ്യം നൽകിയില്ല.

വീട്ടുകാർ വാതിൽ കൊട്ടിയടച്ചെന്നും സിജോ പറഞ്ഞു. എന്നാൽ, പിന്നീട് ഇവർ കൗസല്യയ്ക്ക് 200 രൂപ നൽകി. മടങ്ങാൻ തുടങ്ങവെ മുകൾനിലയിൽനിന്ന് ഓടിയെത്തിയ ഷാജഹാൻ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് സിജോ പറഞ്ഞു. നാട്ടുകാർചേർന്നാണ് ഷാജഹാനെ പിടിച്ചുമാറ്റിയത്. സിജോ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372458/harithakarmasena-member-brutally-tortured-after-being-asked-to-pay-for-garbage-collection)