---
title: "എറണാകുളത്ത് കുഴിമന്തി കഴിച്ച അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ ;റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു "
english_title: "Around 50 people suffer food poisoning after eating kuzhimanthi in Ernakulam; restaurant's license suspended."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372411/around-50-people-suffer-food-poisoning-after-eating-kuzhimanthi-in-ernakulam-restaurants-license-suspended"
published_at: "2026-07-14T21:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5657398ff3a_1000678129.jpg"
keywords: []
---

# എറണാകുളത്ത് കുഴിമന്തി കഴിച്ച അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ ;റസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു 

> **Lead Summary:** കതൃക്കടവിലെ അൽ റീം കുഴിമന്തി റസ്റ്റോറന്റ്റിൽ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ബുധനാഴ്‌ച മുതൽ ഇവിടെ നിന്ന് മന്തി കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

## Article Content

കതൃക്കടവിലെ അൽ റീം കുഴിമന്തി റസ്റ്റോറന്റ്റിൽ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ബുധനാഴ്‌ച മുതൽ ഇവിടെ നിന്ന് മന്തി കഴിച്ചവർക്കാണ് വയറുവേദന, ഛർദ്ദി, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

തുടർന്ന് പത്തോളം പേർ കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ അടക്കം ചികിത്സ തേടി. അടുത്തടുത്ത ദിവസങ്ങളിലും ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്ക് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതുവരെ അമ്പതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇന്നലെയാണ് ഔദ്യോഗിക പരാതി ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരുടെ സംഘം ഉടൻ തന്നെ ഹോട്ടലിലെത്തി പരിശോധന നടത്തി. ശുചിത്വമില്ലായ്‌മയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിച്ചു.

തുടർനടപടിയുടെ ഭാഗമായി ഇന്ന് രാവിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അൽ റീം കുഴിമന്തിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. റസ്റ്റോറൻ്റിൽ നിന്ന് ശേഖരിച്ച മന്തി, സലാഡ്, സോസുകൾ തുടങ്ങിയ ഭക്ഷണ സാമ്പിളുകൾ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372411/around-50-people-suffer-food-poisoning-after-eating-kuzhimanthi-in-ernakulam-restaurants-license-suspended)