---
title: "ഹോട്ടലിൽനിന്ന് മുട്ടക്കറി വാങ്ങിയപ്പോൾ ഒച്ചിനെ കിട്ടിയതായി പരാതി"
english_title: "Complaint of receiving a snail while buying egg curry from a hotel."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/372256/complaint-of-receiving-a-snail-while-buying-egg-curry-from-a-hotel"
published_at: "2026-07-14T09:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55ae4901f70_1000677326.jpg"
keywords: []
---

# ഹോട്ടലിൽനിന്ന് മുട്ടക്കറി വാങ്ങിയപ്പോൾ ഒച്ചിനെ കിട്ടിയതായി പരാതി

> **Lead Summary:** പറവൂർ : നഗരത്തിലെ ഹോട്ടലിൽനിന്ന് മുട്ടക്കറി വാങ്ങിയപ്പോൾ ഒച്ചിനെ കിട്ടിയതായി പരാതി.

## Article Content

പറവൂർ : നഗരത്തിലെ ഹോട്ടലിൽനിന്ന് മുട്ടക്കറി വാങ്ങിയപ്പോൾ ഒച്ചിനെ കിട്ടിയതായി പരാതി.

ലിമിറ്റഡ് സ്റ്റോപ്പ് സ്‌റ്റാൻഡിന് സമീപത്തെ 'ചായപ്പീടിക' എന്ന ഹോട്ടലിൽനിന്ന് കഴിഞ്ഞദിവസം പറയകാട് സ്വദേശി അഖിൽ ഓൺലൈനായി ഓർഡർ ചെയ്‌ത മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. വിതരണക്കാരൻ എത്തിച്ച മുട്ടക്കറി വീട്ടിലുള്ള കുട്ടികൾ ഉൾപ്പെടെ കഴിച്ചുതുടങ്ങിയശേഷമാണ് വെന്തനിലയിൽ ഒച്ചിനെ കണ്ടത്.

തുടർന്ന് അഖിൽ ഹോട്ടലിൻ്റെ ബില്ലും കറിയുടെ ഫോട്ടോയും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു പരാതി നൽകി. ഭക്ഷണം കഴിച്ചുപോയതിനാൽ വീട്ടുകാർ ആവശ്യമായ പ്രതിരോധമാർഗങ്ങളും സ്വീകരിച്ചു. നഗരസഭയിൽ ഇതുസംബന്ധിച്ച് പരാതിയൊന്നും നൽകിയിട്ടില്ല. സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നഗരസഭയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരമറിയിച്ചു.

നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തി. ശുചിത്വമില്ലാത്ത സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/372256/complaint-of-receiving-a-snail-while-buying-egg-curry-from-a-hotel)