---
title: "നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ; വൻ ദുരന്തം ഒഴിവായി"
english_title: "A car lost control and crashed into a house; a major disaster was averted."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371960/a-car-lost-control-and-crashed-into-a-house-a-major-disaster-was-averted"
published_at: "2026-07-12T09:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a531163574dd_1000675083.jpg"
keywords: []
---

# നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ; വൻ ദുരന്തം ഒഴിവായി

> **Lead Summary:** പറവൂർ : നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. ഗോതുരുത്ത് കടൽവാതുരുത്ത് വലിയപറമ്പിൽ വി വി ജോസിയുടെ ഗേറ്റും മതിലും തകർത്ത കാർ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി ഭിത്തിയിലിടിച്ചാണ് നിന്നത്.

## Article Content

പറവൂർ : നിയന്ത്രണംവിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി. ഗോതുരുത്ത് കടൽവാതുരുത്ത് വലിയപറമ്പിൽ വി വി ജോസിയുടെ ഗേറ്റും മതിലും തകർത്ത കാർ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി ഭിത്തിയിലിടിച്ചാണ് നിന്നത്.

ലേബർ കവലയിൽനിന്ന് കടൽവാതുരുത്തിലേക്കുള്ള റോഡിൽ മൂന്നുംകൂടിയ കവലയുടെ സമീപത്താണ് ജോസിയുടെ വീട്. ശനി രാവിലെ 7.15 നായിരുന്നു അപകടം. പല്ലംതുരുത്ത് സ്വദേശി ശങ്കർദാസും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് ഇവർ ഇതുവഴി വീട്ടിലേക്ക് പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ശങ്കർദാസ് ഉറങ്ങിപ്പോയതാണ് അപകടകാരണം.

അപകടസമയം വീടിൻ്റെ മുന്നിൽ ആരും നിൽക്കാതിരുന്നത് രക്ഷയായി. ഗേറ്റും വീടും തമ്മിൽ 15 മീറ്ററോളം ദൂരമുണ്ട്. ഗേറ്റ് തകർത്ത് വണ്ടി പാഞ്ഞുവരുന്നത് വീടിനകത്തുണ്ടായിരുന്ന വീട്ടുകാർ കണ്ടിരുന്നു. ജോസിയുടെ ഇരുചക്രവാഹനവും വീട്ടുവളപ്പിൽ വിൽപ്പനയ്ക്കായി വച്ച ഒട്ടേറെ ചെടിച്ചട്ടികളും കാർ ഇടിച്ചുതെറിപ്പിച്ചു. സിറ്റൗട്ടിലെ ഗ്രാനൈറ്റ് പൊട്ടിപ്പോയി. നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് വീട്ടുടമ പറഞ്ഞു.

അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു. കാറിൽ ഒരുകുട്ടിയടക്കം നാലുപേരുണ്ടായിരുന്നെങ്കിലും ഇവർ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ജോസി പരാതി നൽകിയതിനെത്തുടർന്ന് വടക്കേക്കര പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371960/a-car-lost-control-and-crashed-into-a-house-a-major-disaster-was-averted)