---
title: "മദ്യലഹരിയിൽ കാർ ഓടിച്ച് നഴ്‌സിനെയും വീട്ടമ്മയെയും ഇടിച്ചുവീഴ്ത്തി ; യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു"
english_title: "Drunk driver hits nurse and housewife; youth caught by locals and handed over to police."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371497/drunk-driver-hits-nurse-and-housewife-youth-caught-by-locals-and-handed-over-to-police"
published_at: "2026-07-10T05:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a503224a35d6_1000672593.jpg"
keywords: []
---

# മദ്യലഹരിയിൽ കാർ ഓടിച്ച് നഴ്‌സിനെയും വീട്ടമ്മയെയും ഇടിച്ചുവീഴ്ത്തി ; യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

> **Lead Summary:** മൂവാറ്റുപുഴ : മദ്യലഹരിയിൽ കാർ ഓടിച്ച് നഴ്‌സിനെയും വീട്ടമ്മയെയും ഇടിച്ചുവീഴ്ത്തി നിർത്താതെപോയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

## Article Content

മൂവാറ്റുപുഴ : മദ്യലഹരിയിൽ കാർ ഓടിച്ച് നഴ്‌സിനെയും വീട്ടമ്മയെയും ഇടിച്ചുവീഴ്ത്തി നിർത്താതെപോയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

തൊടുപുഴ മണക്കാട് അരിക്കുഴ കാരക്കുന്നേൽ സ്റ്റെബിൻ സോജനാണ് (32) അപകടമുണ്ടാക്കിയത്. തൊടുപുഴ-- മൂവാറ്റുപുഴ റോഡിൽ മടക്കത്താനം, കദളിക്കാട് എന്നിവിടങ്ങളിലാണ് അപകടം.

ബുധൻ പകൽ 3.30 ഓടെ മടക്കത്താനത്താണ് ആദ്യ അപകടം. മുതലക്കോടം സ്വകാര്യ ആശുപത്രി നഴ്സായ സ്കൂട്ടർ യാത്രികയെ അമിതവേഗത്തിലെത്തിയ കാർ പിന്നിൽനിന്ന് ഇടിച്ചുതെറിപ്പിച്ചു. നഴ്‌സ്‌ റോഡരികിലേക്ക് വീണ് പരിക്കേറ്റു.

തുടർന്ന് കാർ നിർത്താതെപോയി. തൊട്ടടുത്ത പ്രധാന കവലയായ കദളിക്കാട് വിമലമാത സ്കൂളിന് സമീപമാണ് ഉടൻ അപകടമുണ്ടാക്കിയത്. സ്കൂളിൽനിന്ന് കുട്ടിയെ കൂട്ടാൻ സ്കൂട്ടറിൽ കാത്തുനിന്ന വീട്ടമ്മയെയാണ് ഇടിച്ചത്. മടക്കത്താനം വലിയാറ്റുപുറത്ത് ബിനീഷ്-കുമാറിന്റെ ഭാര്യ കാർത്തികയ്ക്കാണ് പരിക്കേറ്റത്. ഇവർക്ക് വലതുതോളെല്ലിന് പൊട്ടലും തലയിലും കാൽമുട്ടിനും പരിക്കുമുണ്ട്. തൊടുപുഴ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടിടത്ത് അപകടമുണ്ടാക്കി നിർത്താതെ വാഴക്കുളം ഭാഗത്തേക്ക് പോയ കാർ കാവന കവലയിൽ നാട്ടുകാർ തടഞ്ഞ് സ്റ്റെബിൻ സോജനെ പിടികൂടി പൊലീസിന് കൈമാറി. വാഴക്കുളം പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371497/drunk-driver-hits-nurse-and-housewife-youth-caught-by-locals-and-handed-over-to-police)