---
title: "ആംബുലൻസ് കിട്ടിയില്ല ; യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് നവജാതശിശുക്കൾ മരിച്ചു"
english_title: "Unable to get an ambulance; four newborns died after woman gave birth in autorickshaw."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371304/unable-to-get-an-ambulance-four-newborns-died-after-woman-gave-birth-in-autorickshaw"
published_at: "2026-07-09T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f1d4e95c2d_1000379681.png"
keywords: []
---

# ആംബുലൻസ് കിട്ടിയില്ല ; യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് നവജാതശിശുക്കൾ മരിച്ചു

> **Lead Summary:** മധ്യപ്രദേശിൽ യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് നവജാതശിശുക്കൾ മരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നാല് കുട്ടികളും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

## Article Content

മധ്യപ്രദേശിൽ യുവതി ഓട്ടോറിക്ഷയിൽ ജന്മം നൽകിയ നാല് നവജാതശിശുക്കൾ മരിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നാല് കുട്ടികളും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ആംബുലൻസ് കൃത്യസമയത്ത് ലഭ്യമാകാത്തതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ വെച്ച് യുവതി നാല് കുട്ടികൾക്ക് ജന്മം നൽകി. മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിലാണ് സംഭവം. പ്രസവത്തിന് തൊട്ടുപിന്നാലെ അകാലത്തിൽ ജനിച്ച നാല് നവജാതശിശുക്കളും മരണപ്പെട്ടു.

മണ്ട ജില്ലയിലെ ബിഛിയ ബ്ലോക്കിൽ ഉൾപ്പെടുന്ന നൈഗൻവ ഗ്രാമത്തിൽ ചൊവ്വാഴ്‌ചയാണ് സംഭവം. ഏഴുമാസം ഗർഭിണിയായ രാജ്‌നി സിംഗ്രാം (28) എന്ന യുവതിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുടുംബം ഉടൻ തന്നെ 108 ആംബുലൻസ് സേവനത്തെ ബന്ധപ്പെട്ടിരുന്നു.

എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ആംബുലൻസ് എത്താതിരുന്നതോടെ ഒരു സ്വകാര്യ വാഹനം വാടകയ്ക്കെടുത്ത് ഇവരെ അടുത്തുള്ള ഘൂട്ടാസ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഡോക്ടർമാർ ഇവരെ ബിഛിയയിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് റഫർ ചെയ്തു. എന്നാൽ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് യുവതി നാല് കുട്ടികൾക്കും ജന്മം നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371304/unable-to-get-an-ambulance-four-newborns-died-after-woman-gave-birth-in-autorickshaw)