---
title: "തണൽമരത്തിൽ കാറിടിച്ച് ഡോക്ടർക്ക് പരിക്ക് ; അപകടം ഡ്യൂട്ടിക്ക് പോകവെ"
english_title: "Doctor injured after car hits shade tree; accident while on duty."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/371268/doctor-injured-after-car-hits-shade-tree-accident-while-on-duty"
published_at: "2026-07-09T04:27:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ed5f06c52b_1000671319.jpg"
keywords: []
---

# തണൽമരത്തിൽ കാറിടിച്ച് ഡോക്ടർക്ക് പരിക്ക് ; അപകടം ഡ്യൂട്ടിക്ക് പോകവെ

> **Lead Summary:** വരാപ്പുഴ : ദേശീയപാത 66ൽ കൂനമ്മാവ് മാർക്കറ്റിനുസമീപം ബാപ്പൂജി വായനശാലയ്ക്കുമുന്നിലെ തണൽമരത്തിൽ കാറിടിച്ച് അപകടം.

## Article Content

വരാപ്പുഴ : ദേശീയപാത 66ൽ കൂനമ്മാവ് മാർക്കറ്റിനുസമീപം ബാപ്പൂജി വായനശാലയ്ക്കുമുന്നിലെ തണൽമരത്തിൽ കാറിടിച്ച് അപകടം.

ഏഴിക്കര കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡ്യൂട്ടിക്ക് പോയ ഡോ. അഞ്ജുവിൻ്റെ കാറാണ് ചൊവ്വ പകൽ 2.30ന് മരത്തിൽ ഇടിച്ചത്.

അപകടത്തിൽ സാരമായി പരിക്കേറ്റ ഡോ. അഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ തീരെ വീതിയില്ലാത്ത ഭാഗത്ത് എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെയാണ് മരത്തിലിടിച്ചത്.

റോഡിനോടുചേർന്നുള്ള കാലപ്പഴക്കംചെന്ന മൂന്ന് തണൽമരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി ഉയർന്നിരുന്നു. മഴക്കാലമായാൽ ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നതും പതിവാണ്. ശിഖരങ്ങൾ റോഡിലേക്ക് താഴ്ന്നുനിൽക്കുന്നതും അപകടമുണ്ടാക്കുന്നു.

കണ്ടെയ്നർ ലോറിയുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇടിച്ച് തണൽമരത്തിന്റെ പലഭാഗത്തും കേടുപറ്റിയിട്ടുണ്ട്. മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പലവട്ടം കോട്ടുവള്ളി പഞ്ചായത്തിന് നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല.

ഒരാഴ്ചമുന്പ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ പെട്ടിക്കട മരത്തിൽ തട്ടി താഴേക്ക് മറിഞ്ഞു. പിന്നാലെ വന്ന സ്‌കൂട്ടർ യാത്രികൻ തലനാരിഴയ്ക്കാണ് അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. പിന്നീട് റോഡിൽ ഉപേക്ഷിച്ച പെട്ടിക്കട തൊട്ടടുത്ത കപ്പേള ഗ്രൗണ്ടിലേക്ക് മാറ്റിയിട്ട് ദിവസങ്ങളായിട്ടും അധികൃതർ നീക്കം ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/371268/doctor-injured-after-car-hits-shade-tree-accident-while-on-duty)