---
title: "സമയക്രമം സംബന്ധിച്ച തർക്കം ; എറണാകുളത്ത് വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം"
english_title: "Dispute over timetable; Private bus employee's bravery with a stick in Ernakulam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370499/dispute-over-timetable-private-bus-employees-bravery-with-a-stick-in-ernakulam"
published_at: "2026-07-04T21:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a492a7629f25_1000666141.jpg"
keywords: []
---

# സമയക്രമം സംബന്ധിച്ച തർക്കം ; എറണാകുളത്ത് വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം

> **Lead Summary:** കൊച്ചിയിൽ സ്വകാര്യ ബസുകൾ തമ്മിലുണ്ടായ സമയക്രമം സംബന്ധിച്ച തർക്കത്തിനിടെ വടിവാളുമായി ജീവനക്കാരൻ്റെ പരാക്രമം.

## Article Content

കൊച്ചിയിൽ സ്വകാര്യ ബസുകൾ തമ്മിലുണ്ടായ സമയക്രമം സംബന്ധിച്ച തർക്കത്തിനിടെ വടിവാളുമായി ജീവനക്കാരൻ്റെ പരാക്രമം.

വൈറ്റില ഹബ്ബിലായിരുന്നു സംഭവം. 'അതുല്യ' എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. അക്രമണത്തിൽ 'ഗുരുദേവൻ' എന്ന ബസിലെ ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

രണ്ട് ബസുകളും തമ്മിൽ നാളുകളായി നിലനിൽക്കുന്ന തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. ഓടുന്ന സമയം സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു.

കൂടാതെ ഇന്ന് രാവിലെ 11മണിക്ക് കലൂർ സ്റ്റാന്റിൽ വെച്ച് പാർക്കിങിനെ ചൊല്ലിയും ഇരു ബസുകളും തമ്മിൽ തർക്കമുണ്ടായി. ഇതിന് പിന്നാലെ വൈറ്റില ഹബ്ബിൽ എത്തിയപ്പോഴാണ് ഗുരുദേവ ബസിലെ ജീവനക്കാരെ അതുല്യ ബസിലെ ജീവനക്കാരൻ വടിവാളുമായി ആക്രമിച്ചത്.

വണ്ടി തടഞ്ഞ് നിർത്തിയായിരുന്നു ആക്രമണം. ഇയാൾ അസഭ്യം പറഞ്ഞതായും 'ഗുരുദേവൻ' ബസിലെ ജീവനക്കാർ പറയുന്നു. ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370499/dispute-over-timetable-private-bus-employees-bravery-with-a-stick-in-ernakulam)