---
title: "വരുമാനമില്ല ; കൂടുതൽ ബസുകൾ സർവ്വീസ് നിർത്തുന്നു"
english_title: "No income; more buses stop service."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/370289/no-income-more-buses-stop-service"
published_at: "2026-07-04T06:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48608bb8c5f_1000665221.jpg"
keywords: []
---

# വരുമാനമില്ല ; കൂടുതൽ ബസുകൾ സർവ്വീസ് നിർത്തുന്നു

> **Lead Summary:** കൊച്ചി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായം ഏറ്റവും വലിയ പ്രതിസന്ധിയിലെന്ന് ഓപ്പറേറ്റർമാർ.

## Article Content

കൊച്ചി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിലൂടെ സ്വകാര്യ ബസ് വ്യവസായം ഏറ്റവും വലിയ പ്രതിസന്ധിയിലെന്ന് ഓപ്പറേറ്റർമാർ.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 14 ബസുകൾ വെള്ളിയാഴ്ച ജി ഫോം നൽകി സർവീസ് നിർത്തി. മുൻ ദിവസങ്ങളിൽ 30 ബസുകൾ ജി ഫോം നൽകി.

സ്‌ഥിതി കൂടുതൽ മോശമായാൽ കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കാനും ജി- ഫോം നൽകാനും മറ്റു ഉടമകളും തയ്യാറായേക്കുമെന്ന് ഓപ്പറേറ്റർമാർ പറഞ്ഞു.

ജി-ഫോം നൽകിയാൽ ആറുമാസത്തേക്കോ ഒരുവർഷത്തേക്കോ വാഹനം സർവീസ് നടത്താതെ കയറ്റിയിടാനും നികുതി ഒഴിവാക്കാനും അനുമതി ലഭിക്കും. പിന്നീട് വേണമെങ്കിൽ നികുതി അടച്ച് വാഹനം ഇറക്കാം. വലിയ അറ്റകുറ്റപ്പണി നടത്താൻ ബസ് പിൻവലിക്കുന്നു എന്ന കാരണമാണ് ഉടമകൾ ജിഫോമിൽ സൂചിപ്പിച്ചിരിക്കുന്നതെന്ന് എറണാകുളം ആർടിഒ കെ ആർ സുരേഷ് പറഞ്ഞു.

രാവിലെയും വൈകിട്ടുമൊഴികെയുള്ള സമയങ്ങളിൽ യാത്രികർ തീരെയില്ലാത്തതിനാൽ സ്വകാര്യ ബസുകൾ പലതും സർവീസ് നടത്താത്ത അവസ്ഥയുമുണ്ട്. സർവീസ് ഉപേക്ഷിച്ച് ബസ് സ്റ്റ‌ാൻഡ് പരിസരങ്ങളിൽ നിർത്തിയിടുകയാണ് പലരും. ഇങ്ങനെ നിർത്തിയിടുന്ന ബസുകളിൽനിന്ന് പിഴ ഈടാക്കൽ ഉൾപ്പെടെ നടപടി മോട്ടോർ വാഹനവകുപ്പ് സ്വീകരിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽക്കൂടിയാണ് ഉടമകൾ പലരും ജി ഫോം നൽകാൻ ആലോചിക്കുന്നത്. ഓരോദിവസവും സർവീസ് അവസാനിപ്പിച്ചശേഷം ഡ്രൈവറുടെയും കണ്ടക്‌ടറുടെയും കൂലിയും ബാറ്റയും നൽകിക്കഴിഞ്ഞാൽ ഉടമയ്ക്ക് ഒന്നും കിട്ടാത്ത സ്ഥിതിയാണെന്നും ബസ് ഓപ്പറേറ്റർമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/370289/no-income-more-buses-stop-service)