---
title: "കുട്ടികളെ വാഷിംഗ് മെഷീനിലിട്ടു, ബാത്ത്റൂമുകളിൽ പൂട്ടിയിട്ടു ; ഡേകെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് കൊടുംക്രൂരത"
english_title: "Children put in washing machines, locked in bathrooms; Cruelty to toddlers at daycare."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369817/children-put-in-washing-machines-locked-in-bathrooms-cruelty-to-toddlers-at-daycare"
published_at: "2026-07-01T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4542e9c3d07_1000662701.jpg"
keywords: []
---

# കുട്ടികളെ വാഷിംഗ് മെഷീനിലിട്ടു, ബാത്ത്റൂമുകളിൽ പൂട്ടിയിട്ടു ; ഡേകെയറിൽ പിഞ്ചുകുഞ്ഞുങ്ങളോട് കൊടുംക്രൂരത

> **Lead Summary:** ബെംഗളൂരു: ബെംഗളൂരുവിൽ പിഞ്ചുകുഞ്ഞുങ്ങളോട് ഡേകെയർ ജീവനക്കാർ കാട്ടിയ ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

## Article Content

ബെംഗളൂരു: ബെംഗളൂരുവിൽ പിഞ്ചുകുഞ്ഞുങ്ങളോട് ഡേകെയർ ജീവനക്കാർ കാട്ടിയ ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

പ്രമുഖ ഐടി കമ്പനിയായ കാപ്ജെമിനിയുടെ ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടച്ചിട്ടും, ബാത്ത്റൂമുകളിൽ പൂട്ടിയിട്ടും, ഭയപ്പെടുത്തിയും പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ കെയർടേക്കർമാർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കമ്പനിയിലെ ജീവനക്കാരായ മാതാപിതാക്കൾ ജോലി സമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ പരിചരിക്കാനായി ഏൽപ്പിക്കുന്ന കേന്ദ്രത്തിലാണ് ക്രൂരത. മഞ്ജുള, വിജയലക്ഷ്‌മി, ഭവാനി, സിന്ധു, ബിന്ദു എന്നീ അഞ്ച് ജീവനക്കാർക്കെതിരെയാണ് വൈറ്റ്ഫീൽഡ് ഡിവിഷനിലെ എച്ച്എഎൽ പൊലീസ് കേസെടുത്തത്.

ജില്ലാ ശിശുസംരക്ഷണ വിഭാഗത്തിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസറായ തിലകേഷ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഡേകെയറിനുള്ളിൽ കുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്റെയും കരയുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ വാട്‌സ്‌ആപ്പ് വഴി പ്രചരിക്കുകയും ഇത് ശിശു ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുമായിരുന്നു.

പരാതി പ്രകാരം, കുഞ്ഞുങ്ങൾ കരയുമ്പോഴോ ബഹളം വെക്കുമ്പോഴോ ജീവനക്കാർ അവരെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകൾക്കുള്ളിൽ കുട്ടികളെ ഇരുത്തി അടച്ചും, ബാത്ത്റൂമുകളിൽ പൂട്ടിയിട്ടും, ക്ലോസറ്റുകളിൽ ഇരുത്തി വായിലേക്ക് ടോയ്‌ലറ്റ് ഷവർ ഉപയോഗിച്ച് വെള്ളം അടിച്ചും ഇവർ കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു. കുട്ടികളോട് ക്രൂരത കാണിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369817/children-put-in-washing-machines-locked-in-bathrooms-cruelty-to-toddlers-at-daycare)