---
title: "വാഹനാപകടം ; ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം"
english_title: "Road accident: Four people died in a bus-truck collision."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369406/road-accident-four-people-died-in-a-bus-truck-collision"
published_at: "2026-06-30T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4357b778195_1000660599.jpg"
keywords: []
---

# വാഹനാപകടം ; ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ യമുനാ എക്സ‌്പ്രസ് വേയിൽ വാഹനാപകടം. വോൾവോ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം.

## Article Content

ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ യമുനാ എക്സ‌്പ്രസ് വേയിൽ വാഹനാപകടം. വോൾവോ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം.

ചൊവ്വാഴ്‌ച പുലർച്ചെയോടെയായിരുന്നു അപകടം. 20ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 65ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

റായ പൊലീസ് സ്റ്റേഷൻ പരിധിയിൽ യമുനാ എക്സ‌്പ്രസ് വേയിലെ 112-ാം മൈൽസ്റ്റോണിനും 113-ാം മൈൽസ്റ്റോണിനും ഇടയിലാണ് അപകടം നടന്നത്.

'ഗോള ബസ് സർവീസി'ൻ്റെ വോൾവോ ബസ് മുന്നിലുണ്ടായിരുന്ന ട്രക്കിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ നാല് യാത്രക്കാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 20 മുതൽ 25 വരെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.

അപകടവിവരം അറിഞ്ഞയുടൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് (റൂറൽ), മഹാവാൻ സർക്കിൾ ഓഫീസർ, റായ പൊലീസ് സ്റ്റേഷൻ ഇൻചാർജ് എന്നിവർ സ്ഥലത്തെത്തി.

ഇവരോടൊപ്പം സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ ഉടൻ തന്നെ പുറത്തെടുത്ത് ആംബുലൻസുകളിൽ മഥുര ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

പരിക്കേറ്റവർ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ബസിലുണ്ടായിരുന്നവരിൽ 35ഓളം പേർക്ക് പരിക്കുകളൊന്നുമില്ല. മരിച്ച നാല് പേരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ വിവരം അറിയിക്കാനുമുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369406/road-accident-four-people-died-in-a-bus-truck-collision)