---
title: "വിവാഹാഭ്യർത്ഥന നിരസിച്ചു ; ഇരുപത്തിമൂന്നുകാരിയെ ആൺസുഹൃത്ത് നാട്ടുകാർ നോക്കിനിൽക്കെ കുത്തിക്കൊന്നു"
english_title: "Marriage proposal rejected; 23-year-old stabbed to death by boyfriend in front of locals."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/369397/marriage-proposal-rejected-23-year-old-stabbed-to-death-by-boyfriend-in-front-of-locals"
published_at: "2026-06-30T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4354fba1a0f_1000660610.jpg"
keywords: []
---

# വിവാഹാഭ്യർത്ഥന നിരസിച്ചു ; ഇരുപത്തിമൂന്നുകാരിയെ ആൺസുഹൃത്ത് നാട്ടുകാർ നോക്കിനിൽക്കെ കുത്തിക്കൊന്നു

> **Lead Summary:** ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെതുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിയെ ആൺസുഹൃത്ത് നാട്ടുകാർ നോക്കിനിൽക്കെ കുത്തിക്കൊന്നു. ഞായറാഴ്‌ച രാത്രി ഒൻപതരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിലായിരുന്നു സംഭവം.

## Article Content

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനെതുടർന്ന് ഇരുപത്തിമൂന്നുകാരിയായ യുവതിയെ ആൺസുഹൃത്ത് നാട്ടുകാർ നോക്കിനിൽക്കെ കുത്തിക്കൊന്നു. ഞായറാഴ്‌ച രാത്രി ഒൻപതരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിലായിരുന്നു സംഭവം.

കൊലപാതകത്തിൽ പ്രതിയായ രാജീവിനെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്‌ച രാത്രി മഹാലക്ഷ്‌മി ലേഔട്ടിന് സമീപമുള്ള പൈപ്പ് ലൈൻ റോഡിലേക്ക് അഞ്ജലിയെ രാജീവ് അത്താഴം കഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകം. കഴിഞ്ഞ നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

അഞ്ജലിയെ വിവാഹം കഴിക്കാൻ രാജീവിന് താല്പര്യമുണ്ടായിരുന്നെങ്കിലും ഇയാൾ ചില ക്രിമിനൽ കേസുകളിൽ പെട്ടതോടെ അഞ്ജലിയുടെ കുടുംബം ബന്ധത്തെ ശക്തമായി എതിർത്തു. തുടർന്ന് അഞ്ജലി രാജീവിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി അഞ്ജലിയെ അത്താഴം കഴിക്കാനായി വിളിച്ചുവരുത്തുകയായിരുന്നു.

ഇവിടെ വെച്ച് ഇയാൾ വീണ്ടും വിവാഹക്കാര്യം ഉന്നയിച്ചു. എന്നാൽ അഞ്ജലി ഇത് കർശനമായി നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നാലെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത്, ആളുകൾ നോക്കിനിൽക്കെ രാജീവ് അഞ്ജലിയുടെ കഴുത്തിൽ ആഞ്ഞുകുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചുവീണ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/369397/marriage-proposal-rejected-23-year-old-stabbed-to-death-by-boyfriend-in-front-of-locals)