---
title: "പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി"
english_title: "A young man committed suicide by detonating a petrol bomb inside his car after a fight with his girlfriend."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/368911/a-young-man-committed-suicide-by-detonating-a-petrol-bomb-inside-his-car-after-a-fight-with-his-girlfriend"
published_at: "2026-06-27T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a400c18b33b0_1000657987.jpg"
keywords: []
---

# പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി

> **Lead Summary:** കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അങ്കോള സ്വദേശി നാഗേന്ദ്രയാണ് മരിച്ചത്. ബെംഗളൂരുവിനും അങ്കോളയ്ക്കും മധ്യേയായിരുന്നു സംഭവം.

## Article Content

കർണാടകയിലെ തുംകൂരുവിൽ പെൺസുഹൃത്തുമായി വഴക്കിട്ട യുവാവ് കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. അങ്കോള സ്വദേശി നാഗേന്ദ്രയാണ് മരിച്ചത്. ബെംഗളൂരുവിനും അങ്കോളയ്ക്കും മധ്യേയായിരുന്നു സംഭവം.

പെൺസുഹൃത്ത് രമ്യയെ കാറിനുള്ളിൽ വച്ച് കുത്തിയ ശേഷമായിരുന്നു ആത്മഹത്യ. കുത്തേറ്റ യുവതിയും ഡ്രൈവറും കാറിന് പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ 6 വർഷമായി അടുപ്പത്തിലായിരുന്ന പെൺസുഹൃത്തുമായി വഴക്കിട്ട യുവാവാണ് നടുറോഡിൽ കാർ സ്ഫോടനത്തിലൂടെ തകർത്ത് ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലെ വഴക്കിനൊടുവിൽ രാവിലെ കാബ് വിളിച്ചെത്തിയ നാഗേന്ദ്ര നിർബന്ധിച്ച് തന്നെ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്ന് പരിക്കുകളോടെ രക്ഷപ്പെട്ട രമ്യ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കാറിനുള്ളിൽ വച്ചും ഭീഷണി തുടർന്ന നാഗേന്ദ്ര ഒടുവിൽ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് രമ്യയെ കുത്തുകയായിരുന്നു.

നെറ്റിയിലും കയ്യിലും കുത്തേറ്റ രമ്യ കാറിന് പുറത്തേക്ക് ചാടി. ഇതോടെ വാഹനം നിർത്തി ഡ്രൈവറും പുറത്തിറങ്ങി. ഇതിനു പിന്നാലെയാണ് കൈവശം കരുതിയിരുന്ന പെട്രോൾ ബോംബ് പൊട്ടിച്ച് നാഗേന്ദ്ര ജീവനൊടുക്കിയത്.

നാട്ടുകാർ വിവരമറിയിച്ച് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും നാഗേന്ദ്രയെ രക്ഷിക്കാനായില്ല. കാർ പൂർണമായും കത്തിയമർന്നു. രമ്യയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏറെക്കാലമായി പരിചയമുള്ളയാളാണെങ്കിലും അടുത്തിടെ നാഗേന്ദ്ര നിയന്ത്രണങ്ങൾ അടിച്ചേൽപിക്കാൻ തുടങ്ങിയതോടെ രമ്യ അകൽച്ച കാണിച്ചിരുന്നു.

ഫോണിലൂടെ ഭീഷണി വന്നപ്പോൾ നമ്പറും ബ്ലോക്ക് ചെയ്തുതു. ഇതിൽ പ്രകോപിതനായാണ് നാഗേന്ദ്ര ഇന്നുരാവിലെ എത്തി ഭീഷണിപ്പെടുത്തി രമ്യയുമായി അങ്കോളയിലേക്ക് തിരിച്ചത്. അങ്കോള ഹെബ്ബുൾ സ്വദേശിയാണ് നാഗേന്ദ്ര. ബെംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ജീവനക്കാരിയാണ് രമ്യ. നാഗേന്ദ്ര തൊഴിൽരഹിതനായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/368911/a-young-man-committed-suicide-by-detonating-a-petrol-bomb-inside-his-car-after-a-fight-with-his-girlfriend)