---
title: "സമൂഹമാധ്യമങ്ങൾ വഴി യുവാക്കളെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടി ; യുവതി പിടിയിൽ "
english_title: "Woman arrested for defrauding lakhs of rupees by meeting young men through social media."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367709/woman-arrested-for-defrauding-lakhs-of-rupees-by-meeting-young-men-through-social-media"
published_at: "2026-06-23T04:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a39c3d149aa8_1000652033.jpg"
keywords: []
---

# സമൂഹമാധ്യമങ്ങൾ വഴി യുവാക്കളെ പരിചയപ്പെട്ട് ലക്ഷങ്ങൾ തട്ടി ; യുവതി പിടിയിൽ 

> **Lead Summary:** പെരുമ്പാവൂർ : മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വാഗ്‌ദാനം നൽകി പല പേരുകളിലായി പണം തട്ടിയെടുത്ത യുവതിയെ അറസ്റ്റ് ചെയ്തു.

## Article Content

പെരുമ്പാവൂർ : മാട്രിമോണിയൽ സൈറ്റ് വഴിയും സമൂഹമാധ്യമങ്ങൾ വഴിയും പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിക്കാമെന്നും ബിസിനസ് പങ്കാളിയാക്കാമെന്നും വാഗ്‌ദാനം നൽകി പല പേരുകളിലായി പണം തട്ടിയെടുത്ത യുവതിയെ അറസ്റ്റ് ചെയ്തു.

ആലുവ എടത്തല സ്വദേശിനി ഷംല ഷമീറിനെയാണ് (29) പെരുന്‌പാവൂർ പൊലീസ് പിടികൂടിയത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽനിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 2024 സെപ്‌തംബർ മൂന്നുമുതൽ നവംബർ 20 വരെ പല ദിവസങ്ങളിലായാണ് പണം കൈക്കലാക്കിയത്.

ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും പണം കൈക്കലാക്കിയ ഇവർ യുവാവിനെ ബിസിനസ് പാർട്‌ണറാക്കുകയോ പണം തിരികെ നൽകുകയോ ചെയ്‌തില്ല. യുവാവിൻ്റെ പരാതിയിൽ കേസെടുത്ത പെരുമ്പാവൂർ പൊലീസ് ഷംലയെ ഓടക്കാലിയിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ തുടങ്ങി വിവിധ പ്രദേശങ്ങളിലെ യുവാക്കളിൽനിന്ന് സമാനരീതിയിൽ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ രൂപീകരിച്ച അന്വേഷകസംഘത്തിൽ ഇൻസ്പെക്‌ടർ എൽ അനിൽകുമാർ, എസ്ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, വിഷ് മുരളി, എഎസ്ഐ എം ബി സുബൈർ, സീനിയർ സിപിഒമാരായ രജിത് രാജൻ, എം ബി ജയന്തി, മുഹമ്മദ് ഷാൻ, സിപിഒ എ കെ നജ്‌മി എന്നിവരാണുണ്ടായിരുന്നത്. ഷംലയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367709/woman-arrested-for-defrauding-lakhs-of-rupees-by-meeting-young-men-through-social-media)