---
title: "പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം ; ഒരാൾ മരിച്ചു , നിരവധി പേർക്ക് പരിക്ക്"
english_title: "Explosion at firecracker factory; One dead, several injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367383/explosion-at-firecracker-factory-one-dead-several-injured"
published_at: "2026-06-21T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37b5c19cd61_1000649945.jpg"
keywords: []
---

# പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം ; ഒരാൾ മരിച്ചു , നിരവധി പേർക്ക് പരിക്ക്

> **Lead Summary:** തൂത്തുക്കുടി ജില്ലയിലെ അയാൻരാസപട്ടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ പടക്ക നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 50 വയസ്സുകാരി കൊല്ലപ്പെട്ടു.

## Article Content

തൂത്തുക്കുടി ജില്ലയിലെ അയാൻരാസപട്ടി ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ പടക്ക നിർമ്മാണ ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ 50 വയസ്സുകാരി കൊല്ലപ്പെട്ടു.

വിരുതുനഗർ നാഥുപെട്ടി സ്വദേശി വി. മാരിയമ്മാൾ ആണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. സ്ഫോടനത്തിൽ 28 തൊഴിലാളികൾക്ക് പരിക്കേറ്റു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എട്ടോളം തൊഴിലാളികൾ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.

പടക്ക നിർമ്മാണശാലയിലെ കെമിക്കൽ മിക്‌സിങ് റൂമിൽ (രാസവസ്‌തുക്കൾ കലർത്തുന്ന മുറി) ഉണ്ടായ തീപിടിത്തമാണ് വൻ സ്ഫോടനത്തിന് കാരണമായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ ഫാക്ടറിയിലെ സമീപത്തുണ്ടായിരുന്ന നാല് മുറികൾ പൂർണ്ണമായും തകർന്നു തരിപ്പണമായി.

പരിക്കേറ്റ 28 പേരിൽ 11 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ സാത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാസാർപട്ടി പൊലീസും വിളാത്തികുളം, കോവിൽപെട്ടി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സു‌ം സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ച മാരിയമ്മാളിന്റെ മൃതദേഹവും പരിക്കേറ്റവരെയും പുറത്തെത്തിച്ചു. തകർന്ന മുറികളുടെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367383/explosion-at-firecracker-factory-one-dead-several-injured)