---
title: " വീടു കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവർന്നു ; നാല് പേർ പിടിയിൽ"
english_title: "House broken into, 14 pieces of jewellery and Rs 15,000 stolen; Four arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/367308/house-broken-into-14-pieces-of-jewellery-and-rs-15000-stolen-four-arrested"
published_at: "2026-06-21T11:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a377a2962e65_1000415311.png"
keywords: []
---

#  വീടു കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവർന്നു ; നാല് പേർ പിടിയിൽ

> **Lead Summary:** വരാപ്പുഴ : കൂനമ്മാവിൽ പകൽ വീടു കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവർന്ന സംഭവത്തിൽ അസംകാരായ നാലുപേർ അറസ്റ്റിൽ. നൂർ മുഹമ്മദ് അലി , മുന്ന അലി , ജാവേദ് അബ്ദുൾ ഖാൻ , നൂർ ജമാൽ അലി എന്നിവരെയാണു പൊലീസ് ശനിയാഴ്‌ച അറസ്റ്റ് ചെയ്തത്.

## Article Content

വരാപ്പുഴ : കൂനമ്മാവിൽ പകൽ വീടു കുത്തിത്തുറന്ന് 14 പവനും 15,000 രൂപയും കവർന്ന സംഭവത്തിൽ അസംകാരായ നാലുപേർ അറസ്റ്റിൽ. നൂർ മുഹമ്മദ് അലി , മുന്ന അലി , ജാവേദ് അബ്ദുൾ ഖാൻ , നൂർ ജമാൽ അലി എന്നിവരെയാണു പൊലീസ് ശനിയാഴ്‌ച അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ആഭരണങ്ങളും പണവും കണ്ടെത്തിയിട്ടില്ല. വീടിൻ്റെ പിൻവാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പുപാരയും മറ്റുസാധനങ്ങളും കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യാനായി ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് പറഞ്ഞു. കൂനമ്മാവ് പള്ളിക്കടവ് റോഡിൽ ചുള്ളിക്കാട്ട് ദേവസിയുടെ വീട്ടിൽ വെള്ളി പകലാണ് കവർച്ച നടന്നത്. രാവിലെ ദേവസിയും ഭാര്യ ഷീലയും ആശുപത്രിയിൽപോയ സമയത്തായിരുന്നു മോഷണം. പകൽ മൂന്നിന് തിരിച്ച് വീട്ടിൽ എത്തി മുൻവാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണു അടുക്കളവാതിൽ കുത്തിത്തുറന്നത് കണ്ടത്. മുറികൾ പരിശോധിച്ചപ്പോഴാണ് കവർച്ച വിവരം അറിയുന്നത്.

പിൻവശത്തെ മതിൽ ചാടിക്കടന്നാണു മോഷ്ടാക്കൾ അകത്തുകടന്നത്. വീടിന്റെ ഭാഗത്തേക്കുള്ള റോഡിലെ നിരീക്ഷണ കാമറകളിൽ നിന്നാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. അതിഥിതൊഴിലാളികളായി എത്തിയ ഇവർ കൂനമ്മാവ് ഭാഗത്താണു വിവിധ ജോലികൾ ചെയ്‌തിരുന്നത്. ഡിവൈഎസ്‌പി എസ് ജയകൃഷ്ണ‌ന്റെ നേതൃത്വത്തിൽ വരാപ്പുഴ പൊലീസാണ് അന്വേഷണം നടത്തിയത്. കവർച്ച നടന്ന് 24 മണിക്കൂർ പിന്നിടുന്നതിന് മുൻപ് പ്രതികളെ പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/367308/house-broken-into-14-pieces-of-jewellery-and-rs-15000-stolen-four-arrested)