---
title: "കാഞ്ഞിരമറ്റത്ത് അർദ്ധരാത്രിയിൽ വ്യാപാരസ്ഥാപനത്തിനും ബൈക്കുകൾക്കും തീയിട്ടു ;അക്രമം അഴിച്ചുവിട്ടത് കൗമാരക്കാരനെന്ന് സൂചന "
english_title: "A shop and bikes were set on fire in Kanjiramattu in the middle of the night; indications are that a teenager unleashed the violence."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/366873/a-shop-and-bikes-were-set-on-fire-in-kanjiramattu-in-the-middle-of-the-night-indications-are-that-a-teenager-unleashed-the-violence"
published_at: "2026-06-19T09:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34c1b862078_1000646461.jpg"
keywords: []
---

# കാഞ്ഞിരമറ്റത്ത് അർദ്ധരാത്രിയിൽ വ്യാപാരസ്ഥാപനത്തിനും ബൈക്കുകൾക്കും തീയിട്ടു ;അക്രമം അഴിച്ചുവിട്ടത് കൗമാരക്കാരനെന്ന് സൂചന 

> **Lead Summary:** കാഞ്ഞിരമറ്റത്ത് അർദ്ധരാത്രിയിൽ വ്യാപാരസ്ഥാപനത്തിനും ബൈക്കുകൾക്കും തീയിട്ട സംഭവം പരിഭ്രാന്തി പരത്തി.

## Article Content

കാഞ്ഞിരമറ്റത്ത് അർദ്ധരാത്രിയിൽ വ്യാപാരസ്ഥാപനത്തിനും ബൈക്കുകൾക്കും തീയിട്ട സംഭവം പരിഭ്രാന്തി പരത്തി.

സെയ്ന്റ് ഇഗ്‌നേഷ്യസ് സ്ക്‌കൂളിനു സമീപം പ്രവർത്തിക്കുന്ന 'കാഡിലാക്‌സ്' എന്ന ബൈക്ക് സ്പെയർപാർട്‌സ് ഷോറൂമും തൊട്ടടുത്ത ഡ്രൈവിങ് സ്‌കൂളിലെ ബൈക്കുകളുമാണ് കത്തിനശിച്ചത്.

ബുധനാഴ്‌ച രാത്രി ഒരുമണിയോടെയാണ് സംഭവം. ഒരു കൗമാരക്കാരൻ കുപ്പിയുമായി ഡ്രൈവിങ് സ്‌കൂളിനു സമീപത്തെത്തി ബൈക്കുകളിൽ പെട്രോൾ ഒഴിച്ച് തീയിടുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്.

തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസി വിവരം അറിയിച്ചതിനെത്തുടർന്ന് മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഷോറൂമിലെ സാധനങ്ങൾ, സീലിങ്, വൈദ്യുതി ഉപകരണങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു.

കൂടാതെ ഗാരേജിലുണ്ടായിരുന്ന സൂപ്പർ ബൈക്കും ഡ്രൈവിങ് സ്‌കൂളിന്റെ മൂന്ന് ബൈക്കുകളും നശിച്ചു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമകളായ എൻ.ജെ. ജസിൽ, അർജുൻ കാർത്തികേയൻ എന്നിവർ അറിയിച്ചു.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കൗമാരക്കാരനെതിരെ മുളന്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതേ കൗമാരക്കാരൻ ബുധനാഴ്‌ച പകൽ കാഞ്ഞിരമറ്റം സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപത്തുനിന്ന് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചതിന് നാട്ടുകാരുടെ പിടിയിലായിരുന്നു.

സംഭവസ്ഥലത്തിന് സമീപത്തുനിന്ന് ഇയാൾ കടത്താൻ ശ്രമിച്ച ഒരു ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/366873/a-shop-and-bikes-were-set-on-fire-in-kanjiramattu-in-the-middle-of-the-night-indications-are-that-a-teenager-unleashed-the-violence)